Oddly News

സഞ്ചരിയ്ക്കാന്‍ പുല്ലു കൊണ്ട് പാലം ; ഇന്നും അദ്ഭുതപ്പെടുത്തുന്ന നിര്‍മ്മിതി

പാലങ്ങള്‍ എന്നാല്‍ വളരെ ഉറപ്പുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ചിരിയ്ക്കുന്ന ഒന്നായിട്ടാണ് നമ്മുടെ മനസില്‍ ആദ്യം വരുന്നത്. എന്നാല്‍ പുല്ലുകള്‍ കൊണ്ട് പാലം നിര്‍മ്മിച്ച് അദ്ഭുതപ്പെടുത്തുകയാണ് പെറു. സഞ്ചാരികളെ ഇവിടെ ഏറ്റവും കൂടുതല്‍ ആകര്‍ഷിയ്ക്കുന്ന ഒന്നാണ് ഇവിടുത്തെ പുല്ലു പാലങ്ങള്‍. പെറുവിലെ കാനസ് പ്രവിശ്യയിലെ ഹുഞ്ചിരിക്ക് സമീപം അപുരിമാക് നദിക്ക് മുകളിലായി നിര്‍മ്മിച്ചിരിയ്ക്കുന്ന പുല്ലു പാലമാണ് ‘ക്വിസ്വാ ചക്ക’.

600 വര്‍ഷം പഴക്കമുള്ള ഈ പാലം പൂര്‍ണമായും കൈകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇന്‍ക ഗോത്രക്കാരാണ് ഇത്തരം പാലങ്ങള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്. പെറുവില്‍ ധാരാളം ലഭ്യമായിരുന്ന ‘ഇച്ചു’ എന്നൊരിനം പുല്‍ച്ചെടി കൊണ്ടാണ് ഈ പാലങ്ങള്‍ നിര്‍മ്മിയ്ക്കുന്നത്. വലിയ കെട്ടുകളായി ഉപയോഗിക്കുമ്പോള്‍ ഇച്ചു എന്ന പുല്‍ച്ചെടിയ്ക്ക് നല്ല ബലം ഉണ്ടെന്ന് മനസിലാക്കിയാണ് ഇവര്‍ പാലം നിര്‍മ്മിയ്ക്കാന്‍ മുന്‍കൈ എടുത്തത്. വര്‍ഷം തോറും ജീവന്‍ പണയം വെച്ചാണെങ്കില്‍ കൂടി ഇവര്‍ ഈ പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു.

മലയിടുക്കുകള്‍ക്കും നദികള്‍ക്കും കുറുകെ നിര്‍മ്മിച്ചിരിയ്ക്കുന്ന ഇത്തരം പാലങ്ങള്‍ യാത്രകള്‍ സുഗമമാക്കാനായിരുന്നു ഇക്കൂട്ടര്‍ ആശ്രയിച്ചിരുന്നത്. 2013-ല്‍ ലോക പൈതൃക സൈറ്റായി ഇങ്ക സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന നെറ്റ് വര്‍ക്കിന്റെ ഭാഗമായിരുന്ന ക്വിസ്വാ ചക്ക പാലം പ്രഖ്യാപിച്ചു. ക്വിസ്വാ ചക്കയുടെ അറ്റകുറ്റപ്പണികള്‍ എല്ലാ വര്‍ഷവും ജൂണില്‍ ആഘോഷപൂര്‍വ്വമാണ് നടത്തുന്നത്.