Crime Oddly News

തടവുകാരെ ചാട്ടവാറിനടിച്ചും ലൈംഗിക ദുരുപയോഗം ചെയ്തും രസിച്ച പെണ്‍കുട്ടി; ക്രൂരതയുടെ മുഖമായി ഇര്‍മ

ലോകത്ത് ക്രൂരതകളുടെ അദ്ധ്യായങ്ങള്‍ രചിച്ച നാത്സി ഭരണകൂടത്തില്‍ ക്രൂരതയുടെ പര്യായങ്ങളായി മാറിയ അനേകം പുരുഷന്‍മാരുണ്ട്. ഹിറ്റലറും ഹിംലറുമൊക്കെ ഉദാഹരണങ്ങളാണ് . നാത്സി വനിതകളില്‍ ഏറ്റവും ക്രൂരയാരെന്ന് ചോദിച്ചാല്‍ ഒരു പേര് മാത്രമാകും ഉത്തരം. ഇര്‍മ ഗ്രെസ്.

ആല്‍ഫ്രഡ് – ബെര്‍ത്ത ദമ്പതികളുടെ മകളായി 1923 ലാണ് ഇര്‍മ ജനിച്ചത്. ഇര്‍മയ്ക്ക് 13 വയസ്സുള്ളപ്പോള്‍ ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തില്‍ വിഷമിച്ച് അമ്മ ബെര്‍ത്ത ആത്മഹത്യ ചെയ്തു. 14 വയസ്സുള്ളപ്പോള്‍ ഇര്‍മ സ്‌കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി. ശേഷം ഒരു ഫാമിലും പിന്നെ ഒരു കടയിലും ജോലി നോക്കി.ശേഷം അവള്‍ ആശുപത്രിയില്‍ നഴ്സായി ജോലി നോക്കി. അവിടെ നടന്ന പല പരീക്ഷണങ്ങളും അവിടുത്ത ജീവനക്കാരിലായിരുന്നു. അത്തരത്തിലുള്ള പരീക്ഷണങ്ങളുടെ ഫലം ഇര്‍മയും അനുഭവിച്ചു.

1943 ല്‍ ഇര്‍മയെ കുപ്രസിദ്ധമായ ഓഷ്വിത്സ് കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ നിയമിച്ചു. സീനിയര്‍ എസ്പി സൂപ്പര്‍വൈസര്‍ എന്ന ഉയര്‍ന്ന പോസ്റ്റിലായിരുന്നു ഇത്. ക്യാംപിലെ അന്തേവാസികളെ മൃഗീയ പീഡനങ്ങൾക്കിരയാക്കാ‍ൻ അനിയന്ത്രിതമായ സ്വാതന്ത്ര്യം ഇർമയ്ക്കുണ്ടായിരുന്നു. ഓഷ്വിത്സിലെ 30000 വനിതാ തടവുകാരുടെ മേല്‍നോട്ടം ഇര്‍മയ്ക്കായിരുന്നു.

ചാട്ടവാറുകൊണ്ട് അവരെ അടിക്കുന്നതും ഇര്‍മയ്ക്ക് ഹരം പകര്‍ന്നു. പലര്‍ക്കും ഇത് കാരണം ഇന്‍ഫെക്ഷനും രോഗങ്ങളുമുണ്ടായി. ഇത്തരക്കാരെ അനസ്തീഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്യിപ്പിക്കുന്നത് ഇര്‍മയുടെ മറ്റൊരു വിക്രിയയായിരുന്നു. ഈ ശസ്ത്രക്രിയകൾ കാണാൻ അവർ നേരിട്ട് എത്തുകയും ചെയ്തു.

ആളുകളെ നായക്കളെ ഉപയോഗിച്ച് കടിപ്പിക്കുന്നത് ഇര്‍മയുടെ ഇഷ്ടപ്പെട്ട വിനോദമായിരുന്നു. വനിതാ അന്തേവാസികളെ ലൈംഗികമായും ഇര്‍മ ദുരുപയോഗം ചെയ്തിരുന്നു. പിന്നീട് ഇര്‍മ റാവെന്‍സ്ബ്രിക് എന്ന ക്യാംപിലേക്കും പിന്നെ ബെര്‍ഗന്‍ ബെല്‍സന്‍ എന്ന ക്യംപിലേക്കും മാറി. അപ്പോഴേയ്ക്കും നാത്സി യുഗം അവസാനിക്കാറായിരുന്നു. നാത്സി ജര്‍മനി വീണു. ഇര്‍മയുല്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1945 ഡിസംബറില്‍ ഇര്‍മയെ തൂക്കിക്കൊന്നു. അന്ന് അവര്‍ക്ക് വെറും 22 വയസ്സായിരുന്നു പ്രായം.