Lifestyle

ആളെ അളക്കാന്‍ വേഷം നോക്കരുത്; ഈ വേഷത്തിലും 3 കോടിയുടെ ജി വാഗണ്‍ വാങ്ങാനെത്താം, ഞെട്ടിച്ച് കര്‍ഷകന്‍

ഏതൊരു വാഹനപ്രേമിയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതും സ്വപ്‌നം കാണുന്നതുമായ വാഹനമാണ് മെഴ്‌സിഡീസിന്റെ ജി-വാഗണ്‍. ഒരു ആഡംബര വാഹനമെന്നതിലുപരി സ്റ്റാറ്റസ് സിംബലായി ആളുകള്‍ കണക്കാക്കുന്ന ഈ വാഹനം ഇന്ത്യയിലെ ഭൂരിഭാഗം സെലിബ്രിറ്റികളുടെയും സമ്പന്നരുടെയും വാഹന ശേഖരത്തില്‍ ഇടംനേടിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഭരിക്കുന്നത്‌ ജി-വാഗണ്‍ എന്ന വാഹനം സ്വന്തമാക്കിയ ഒരു കര്‍ഷകന്റെ കഥയാണ്.

മെഴ്‌സിഡീസ് ജി-വാഗണ്‍ സ്വന്തമാക്കാന്‍ എത്തിയ അദ്ദേഹത്തിന്റെ ലാളിത്യമാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. സാധാരണ മുണ്ടും കുര്‍ത്തിയും അണിഞ്ഞ് തലപ്പാവും അണിഞ്ഞാണ് അദ്ദേഹം ഷോറൂമിലെത്തിയത്. എന്നാല്‍, അദ്ദേഹം എത്തിയ വാഹനം മെഴ്‌സിഡീസിന്റെ തന്നെ ജിഎല്‍എസ് ആയിരുന്നു. ഷോറൂമിലെത്തിയ അദ്ദേഹം വാഹനം മൂടിയിട്ടിരുന്ന ഷാള്‍ മാറ്റുകയും വിശ്വാസ പ്രകാരമുള്ള പൂജ ചെയ്ത ശേഷമാണ് വാഹനം എടുത്തത്.

3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ടര്‍ബോര്‍ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനിലെത്തിയ ജി-ക്ലാസാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് വിവരം. 367 എച്ച്പി പവറും 750 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 210 കിലോമീറ്റര്‍ വരെ വേഗതയെടുക്കാന്‍ സാധിക്കുന്ന ഈ വാഹനം 5.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 4825 എംഎം നീളവും 2187 എംഎം വീതിയും 1973 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 20 ഇഞ്ച് വലിപ്പമുള്ള എഎംജി അലോയി വീലുകളാണ് ഇതിലുള്ളത്. 241 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, 700 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റി, 31 ഡിഗ്രി അപ്രോച്ച് ആംഗിള്‍, 26 ഡിഗ്രി ബ്രേക്ക് ഓവര്‍ ആംഗിള്‍, 30 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിള്‍ എന്നിങ്ങനെയും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് കോടിയോളം രൂപയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.