അഹമ്മദാബാദ് : ഐസിസി ടി20 ലോകകപ്പ് 2026 ഫൈനലിൽ ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കിവീസ് നായകൻ മിച്ചൽ സാന്റ്നറുടെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിിച്ചിന്റെ ഫോട്ടോ എടുക്കുന്ന സാന്റ്നറുടെ ചിത്രമാണ് ഇന്ത്യൻ ആരാധകരിൽ ആശങ്കയുണ്ടാക്കിയിരിക്കുന്നത്.
2023-ലെ ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇതേ മൈതാനത്ത് വെച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസും സമാനമായ രീതിയിൽ പിച്ചിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. അന്ന് ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ഇന്ത്യ ഫൈനലിൽ പരാജയപ്പെടുകയായിരുന്നു. ആ പഴയ ഓർമ്മകളാണ് ഇപ്പോൾ ആരാധകരെ ഭയപ്പെടുത്തുന്നത്. പരിശീലനത്തിനിടെ പിച്ച് പരിശോധിക്കാനെത്തിയ സാന്റ്നർ തന്റെ മൊബൈൽ ഫോണിൽ പിച്ചിന്റെ ഫോട്ടോ പകർത്തുന്നത് കണ്ടതോടെ, ആരാധകർ ഇത് കമ്മിൻസിന്റെ നീക്കങ്ങളുമായി താരതമ്യം ചെയ്യാൻ തുടങ്ങി.
മിതൽ സാന്റ്നർ പാറ്റ് കമ്മിൻസിനെ “കോപ്പി” ചെയ്യുകയാണെന്ന തരത്തിലുള്ള തമാശകളും മീമുകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. എന്നാൽ ഇത്തവണ ഫലം മറ്റൊന്നായിരിക്കുമെന്ന് ആരാധകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. 2023-ൽ നിന്ന് സാഹചര്യങ്ങൾ മാറിയെന്നും സമ്മർദ്ദഘട്ടത്തിൽ ടീമുകൾ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിജയമെന്നും മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ നടന്ന വാർത്താ സമ്മേളനത്തിൽ, “കിരീടം നേടുന്നതിനായി കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയം തകർക്കാൻ നിങ്ങൾ തയ്യാറാണോ?” എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സാന്റ്നർ നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു. “ഞങ്ങൾ ഫേവറിറ്റുകൾ ആയിരിക്കില്ല, പക്ഷേ ഒരു ടീമായി മികച്ച പ്രകടനം കാഴ്ചവെച്ചാൽ ഞങ്ങൾക്ക് വിജയിക്കാനാകും – അതിന് ചിലരുടെ ഹൃദയം തകർക്കേണ്ടി വന്നാലും,” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാളെ നടക്കാനിരിക്കുന്ന പോരാട്ടത്തിൽ ഭാഗ്യം ആരെ തുണയ്ക്കുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.




