പട്‌ന: പരോളിലിറങ്ങി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊടുംക്രിമിനലിനെ അഞ്ചംഗസംഘം ആശുപത്രിമുറിയില്‍ വെടിവച്ചു കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒരു ഡസനിലേറെ കൊലപാതകക്കേസുകളിലെ പ്രതിയായ ചന്ദന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്.
ഇയാളെ കൊല്ലാന്‍ കൊലയാളികളെത്തുന്ന സിസിടിവി ദൃശ്യം സിനിമാരംഗങ്ങളെ അനുസ്‌മരിപ്പിക്കുന്നതാണ്. ആശുപത്രിയുടെ ഇടനാഴിയിലൂടെ നടന്നെത്തുന്ന അഞ്ചംഗസംഘം മിശ്രയുടെ മുറിക്കു മുന്നിലെത്തി തോക്കുകളെടുക്കുന്നതും മുറിക്കുള്ളിലേക്കു കയറുന്നതും കൊലയ്‌ക്കു ശേഷം പുറത്തിറങ്ങി ഓടി രക്ഷപ്പെടുന്നതുമാണ് സിസി ടിവിയില്‍ പതിഞ്ഞത്.
എതിരാളികളായ ചന്ദന്‍ ഷേരു സംഘമാണ് മിശ്രയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. ബക്‌സര്‍ സ്വദേശിയായ ചന്ദന്‍ മിശ്ര ഒരു ഡസനിലേറെ കൊലപാതകങ്ങള്‍ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഭഗല്‍പുര്‍ ജയിലിലായിരുന്ന ഇയാള്‍ പരോളിലിറങ്ങി പട്‌നയിലെ പരസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കൊലയാളികള്‍ക്ക് ആശുപത്രിജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. തലസ്‌ഥാന നഗരത്തിലെ ആശുപത്രിയില്‍ പട്ടാപ്പകല്‍ നടന്ന കൊലപാതകം ബിഹാറില്‍ രാഷ്‌ട്രീയവിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.




