Sports

ഒളിമ്പിക്സിലെ വെള്ളി മെഡല്‍ താരം, ജോലി റെസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പല്‍, അതെ.. മെഡല്‍ കടിച്ച താരം തന്നെ- വീഡിയോ

ഈ വര്‍ഷം പാരീസില്‍ നടന്ന ബാലന്‍സ് ബീം ജിംനാസ്റ്റിക്‌സ് ഇനത്തില്‍ വെള്ളി നേടിയ ചൈനീസ് ജിംനാസ്റ്റിക് താരം ഷൗ യാക്കിന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുന്നത്.18 കാരിയായ ഷൗ യാക്കിന്‍ ഒളിമ്പിക്ക് പോഡിയത്തില്‍ നിന്നും തനിക്ക് ലഭിച്ച മെഡല്‍ കടിച്ചുകൊണ്ട് ഫോട്ടോ പോസ് ചെയ്യുന്ന രസകരമായ ദൃശ്യം വളരെ ശ്രദ്ധനേടിയിരുന്നു.

എന്നാല്‍ ഇപ്പോള്‍, ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ അവളുടെ ജന്മനഗരമായ ഹെങ്യാങ്ങിലെ ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ തന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ഭക്ഷണം വിളമ്പുന്ന ഷൗ യാക്കിന്റെ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ഇതിലൂടെ ആരാധകര്‍ക്ക് വീണ്ടും കൗതുകമാകുയാണ് ഷൗ യാക്കിന്‍.

വെറും 18 വയസ്സുള്ളപ്പോള്‍ തന്നെ ഷൗ യാക്കിന്‍ തന്റെ ജിംനാസ്റ്റിക്സ് കരിയറില്‍ ശ്രദ്ധേയമായ മെഡല്‍ നേട്ടം കൈവരിച്ചു. മൂന്ന് വയസ്സുള്ളപ്പോള്‍ ജിംനാസ്റ്റിക്സ് പരിശീലനം ആരംഭിച്ച ഷൗ ബാലന്‍സ് ബീം വിഭാഗത്തില്‍ വൈദഗ്ദ്ധ്യം നേടി. 2020-ല്‍, ചൈനീസ് ചാമ്പ്യന്‍ഷിപ്പില്‍ ബാലന്‍സ് ബീമില്‍ ഷൗ വ്യക്തിഗത സ്വര്‍ണം നേടി. സീനിയര്‍ തലത്തില്‍, പാരീസിലെ തന്റെ ആദ്യ ഒളിമ്പിക് മെഡലിന് മുമ്പ്, ഷൗ ദേശീയ ഗെയിംസ് ഓഫ് ചൈനയിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്.

2024 ലെ പാരീസില്‍, ഇതിഹാസ ജിംനാസ്റ്റിക് താരം സിമോണ്‍ ബൈല്‍സിനേക്കാള്‍ മുന്നിലാണ് ഷൗ യോഗ്യത നേടിയത്, തുടര്‍ന്ന് മൊത്തം 14.100 സ്‌കോറോടെ വെള്ളി നേടി, സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഡി’അമാറ്റോയുടെ 14.366-നേക്കാള്‍ അല്പം കുറവാണ്. ഫൈനലില്‍ ഷൗ വീണ്ടും ബൈല്‍സിനെ തോല്‍പിച്ചു.