Oddly News

കടലിനടിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു; 55 കാരിയുടെ ഇരു കൈകളും സ്രാവ് കടിച്ചെടുത്തു

ടര്‍ക്സ്, കെയ്കോസ് ദ്വീപുകളില്‍ വിനോദയാത്രയ്ക്കിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച 55 കാരിയുടെ ഇരു കൈകളും സ്രാവ് കടിച്ചെടുത്തു. കനേഡിയന്‍ സ്ത്രീയാണ് അപകടത്തില്‍ പെട്ടത്. ദ്വീപുകളിലെ ആഴം കുറഞ്ഞഭാഗത്ത് വെള്ളത്തിനടിയില്‍ 6 അടി നീളമുള്ള സ്രാവിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. നിലവിളി കേട്ട്, സ്ത്രീയുടെ ഭര്‍ത്താവ് വെള്ളത്തിനടിയിലെത്തി സ്രാവിന്റെ പിടിയില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തി കരയ്ക്ക് കൊണ്ടുവന്നെങ്കിലൂം ഇതിനകം ഇവരുടെ കൈകള്‍ക്ക് പരിക്കേറ്റിരുന്നു.

രണ്ട് കൈകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഫെബ്രുവരി 7 നാണ് ആക്രമണം നടന്നത്, മെച്ചപ്പെട്ട വൈദ്യസഹായത്തിനായി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് വിണ്ടുകീറിയ കൈകള്‍ മുറിച്ചുമാറ്റുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. കരയിലേക്ക് കൊണ്ടുപോയ ഉടന്‍ എടുത്ത ഫോട്ടോകളില്‍ യുവതിയുടെ കൈത്തണ്ടയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നതും തുണികൊണ്ട് പൊതിഞ്ഞ നിലയിലും കാണാം. കരീബിയന്‍ ദ്വീപിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതല്‍ ചികിത്സയ്ക്കായി കാനഡയിലേക്ക് കൊണ്ടുപോയി.

ആക്രമണം ഉണ്ടായത് സ്രാവിനെ പ്രകോപിച്ചതു കൊണ്ടാണോ എന്ന് വ്യക്തമല്ല. സ്രാവ് ആക്രമണങ്ങള്‍ പൊതുവെ വളരെ അപൂര്‍വമാണെന്നാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നത്. ആക്രമണത്തില്‍ സ്ത്രീയുടെ സ്മാര്‍ട്ട്ഫോണിന് ഒരു പങ്കുണ്ടായിരിക്കാമെന്ന് സ്രാവുകളെ ടാഗ് ചെയ്യുന്ന ന്യൂയോര്‍ക്ക് മത്സ്യത്തൊഴിലാളിയും സംരക്ഷകനുമായ ക്രിസ് സ്റ്റെഫാനോ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. കടിയേല്‍ക്കുമ്പോള്‍ സ്‌നോര്‍ക്കെലിംഗ് നടത്തുകയായിരുന്നു എന്നും അപകടത്തെ അവഗണിച്ചെന്നുമാണ് തുര്‍ക്കിയിലെയും കൈക്കോസിലെയും പരിസ്ഥിതി തീരവിഭവ വകുപ്പിന്റെ (DECR) ഒരു പ്രസ്താവനയില്‍ പറയുന്നത്.