Featured Oddly News

വൈറലാകാൻ കൊടുംവിഷമുള്ള ‘ഡെവിൾ ക്രാബ്’ വേവിച്ചു തിന്നു; ഇൻഫ്ലൂവൻസര്‍ക്ക് ദാരുണാന്ത്യം- വീഡിയോ

ഫിലിപ്പീൻസിലെ പലാവൻ പ്രവിശ്യയിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ഫുഡ് ഇൻഫ്ലൂവൻസറായ 51-കാരി എമ്മ അമിത് ‘ഡെവിൾ ക്രാബ്’ (Devil Crab) എന്നറിയപ്പെടുന്ന അതീവ വിഷാംശമുള്ള ഞണ്ടിനെ കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ടു.

ഫെബ്രുവരി നാലിന് സുഹൃത്തുക്കൾക്കൊപ്പം കണ്ടൽക്കാടുകളിൽ പോയപ്പോഴാണ് എമ്മയ്ക്ക് ഈ ഞണ്ടിനെ ലഭിച്ചത്. ഇത് സാധാരണ കഴിക്കാൻ സാധിക്കുന്ന ഇനമാണെന്ന് തെറ്റിദ്ധരിച്ച താരം, ഇതിനെ പാകം ചെയ്യുന്നതിന്റെയും കഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയക്കായി പകർത്തിയിരുന്നു. തേങ്ങാപ്പാൽ ഒഴിച്ച് തയ്യാറാക്കിയ വിഭവത്തിൽ ഈ വിഷഞണ്ടിനെയും ഉൾപ്പെടുത്തി ആസ്വദിച്ചു കഴിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

എന്നാൽ ഭക്ഷണം കഴിച്ച് അടുത്ത ദിവസം തന്നെ എമ്മയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അബോധാവസ്ഥയിലായ അവരുടെ ചുണ്ടുകൾ നീലനിറമായി മാറുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നീട് അധികൃതർ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും ഡെവിൾ ക്രാബിന്റെ തോട് കണ്ടെത്തുകയും ഇതാണ് മരണകാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

പഫർ ഫിഷുകളെപ്പോലെ തന്നെ മനുഷ്യശരീരത്തിന് മാരകമായ ‘സാക്സിറ്റോക്സിൻ’, ‘ടെട്രോഡോക്സിൻ’ എന്നീ വിഷാംശങ്ങൾ ഈ ഞണ്ടുകളിൽ അടങ്ങിയിട്ടുണ്ട്. ഇവ പാകം ചെയ്താലോ ഉയർന്ന താപനിലയിൽ വേവിച്ചാലോ നശിക്കില്ല എന്നതാണ് ഏറ്റവും വലിയ അപകടം. ഇത്തരം ഞണ്ടുകളുടെ മാംസം ഉള്ളിൽച്ചെന്നാൽ നിമിഷങ്ങൾക്കകം പക്ഷാഘാതമോ മരണമോ സംഭവിക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അറിവില്ലാത്ത കടൽജീവികളെ ഭക്ഷണമാക്കുന്നത് എത്രത്തോളം അപകടകരമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ ദാരുണ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *