Lifestyle

രോഗം പെരുകാന്‍ വേറെ വഴി വേണ്ട ; അടുക്കളയിലെ ഈ വസ്തുക്കള്‍ എപ്പോഴും വൃത്തിയായി സൂക്ഷിയ്ക്കാം

വീട്ടില്‍ ഏറ്റവും വൃത്തി വേണ്ട ഇടമാണ് അടുക്കള. വൃത്തിയോടൊപ്പം തന്നെ ഭംഗിയായി ഇരിയ്ക്കേണ്ട ഇടം കൂടിയാണ് അടുക്കള. പഴകിയ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യമാംസാദികള്‍ തുടങ്ങിയ ഭക്ഷണവസ്തുക്കളിലുള്ള ബാക്ടീരിയകള്‍ ടോയ്‌ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ടുതന്നെ അടുക്കള ഉപകരണങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് സാംക്രമിക രോഗങ്ങളെ തടയാന്‍ അത്യന്താപേക്ഷിതമാകുന്നു. നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന അടുക്കള ഉപകരണങ്ങളില്‍ ഈ ബാക്ടീരിയകള്‍ ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും, ഉപകരണങ്ങള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നതിനെക്കുറിച്ചും മനസിലാക്കാം….

* വാട്ടര്‍ടാപ്പ് – അടുക്കളയിലേക്ക് വെള്ളം വരുന്ന ടാപ്പുകളില്‍ മിക്കവരും ഫില്‍ട്ടര്‍ ഘടിപ്പിച്ചിട്ടുണ്ടാവും. എന്നാല്‍ എപ്പോഴാണ് അതെടുത്ത് വൃത്തിയാക്കുന്നതെന്നകാര്യം പലര്‍ക്കും ഓര്‍മ്മയുണ്ടാവില്ല. മാത്രമല്ല ധൃതിയില്‍ പാചകം ചെയ്ത കൈകൊണ്ടു തന്നെ ടാപ്പ് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇങ്ങനെ ദിവസവും ചെയ്താല്‍ ആ ടാപ്പില്‍ എത്രമാത്രം കൃമികള്‍ പറ്റിപ്പിടിച്ചിട്ടുണ്ടാവും എന്ന് ചിന്തിക്കാവുന്നതേയുള്ളു. അതുകൊണ്ട് ടാപ്പിനെ ചെറുനാരങ്ങയോ, വിനിഗറോ ഉപയോഗിച്ച് ഇടയ്ക്കിടെ ശുദ്ധിയാക്കുന്നതിനോടൊപ്പം ഫില്‍ട്ടറും മാറ്റുക.

* പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന പലകകള്‍ – നമ്മളില്‍ പലരും ചിക്കന്‍, മട്ടന്‍, ഉള്ളി, തക്കാളി, പഴങ്ങള്‍, മറ്റു പച്ചക്കറികള്‍ എന്നിവയെല്ലാം മുറിച്ചശേഷം കത്തിയും പച്ചക്കറി മുറിക്കുന്നതിന് ഉപയോഗിച്ച പലകയും പ്ലാസ്റ്റിക്ക് ബോര്‍ഡും അതേപടി എടുത്തുവെയ്ക്കും. അല്ലെങ്കില്‍ വെറുതെ ഒന്ന് കഴുകിവെയ്ക്കും. ഫലം ഇവ ബാക്ടീരിയാകളുടെ വാസസ്ഥലമായി മാറും. അതുകൊണ്ട് എന്തു മുറിച്ചാലും ഉടന്‍തന്നെ പാത്രം കഴുകുന്ന സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകുക. വിനിഗര്‍ കൊണ്ടും ഇവ കഴുകാവുന്നതാണ്. ആഴ്ചയില്‍ ഒരു തവണ സോപ്പുവെള്ളത്തില്‍ മുക്കിവച്ച് കഴുകുന്നത് വളരെ നല്ലതാണ്.

* പാത്രം തേയ്ക്കുന്ന സ്‌ക്രബ്ബര്‍ – ഏറ്റവുമധികം ബാക്ടീരിയാകള്‍ ഉള്ള ഒരു വസ്തുവാണ് സ്‌ക്രബ്ബര്‍. പാത്രങ്ങള്‍ കഴുകിയ ശേഷം സ്‌ക്രബ്ബറിനേയും നല്ലവണ്ണം കഴുകി വൃത്തിയാക്കുക. ഇടയ് ക്കിടെ സ്‌ക്രബ്ബറുകള്‍ മാറ്റുന്നതാണ് ആരോഗ്യത്തിന് നല്ലത്.

* വാഷിങ്ങ് മെഷീന്‍ – നമ്മുടെ അഴുക്ക് തുണികളില്‍ നൂറ് മില്ലിയന്‍ ബാക്ടീരിയകള്‍ ഉണ്ടാവും. ഇത് വാഷിങ്ങ് മെഷീനിലിട്ട് അലക്കുമ്പോള്‍, ചെറിയ അളവിലാണെങ്കിലും മെഷീനില്‍ തങ്ങി നില്‍ക്കുന്ന വെള്ളത്തിലൂടെ ബാക്ടീരിയാകള്‍ മെഷീനകത്ത് പെരുകുന്നു. അതുകൊണ്ട് മാസത്തില്‍ ഒരു തവണയെങ്കിലും വെള്ളത്തില്‍ സോപ്പുപൗഡറിട്ട് മെഷീന്‍ ഓടിച്ച് ഈര്‍പ്പം മാറുന്നതുവരെ മെഷിനിന്റെ മൂടി തുറന്നുവെയ്ക്കുക പാന്റീസ് മുതലായ അടിവസ്ത്രങ്ങള്‍ യാതൊരു കാരണവശാലും വാഷിങ് മെഷീനിലിട്ട് അലക്കരുത്. മറ്റുള്ള തുണികളില്‍ ഉള്ളതിനേക്കാള്‍ മൂന്ന് മടങ്ങ് കൃമികള്‍ അടിവസ്ത്രങ്ങളിലുണ്ടാവും. അടിവസ്ത്രങ്ങള്‍ കൈകൊണ്ട് അലക്കി പിഴിഞ്ഞ് അതിനു ശേഷം അല്‍പ്പസമയം ചൂടുവെള്ളത്തില്‍ മുക്കിവെച്ച ശേഷം ഉണക്കാനിടുക.

* കിച്ചന്‍ മാറ്റ് – അടുക്കളയിലെ ചവിട്ടികള്‍ നമ്മുടെ വളര്‍ത്തുമൃഗങ്ങളായ പൂച്ച, പട്ടി എന്നിവയുടെ കിടക്കയാണ് പലപ്പോഴും. വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തിലുള്ള പ്രാണികള്‍, അഴുക്കുകള്‍ എന്നിവ നാമറിയാതെതന്നെ ചവിട്ടികളില്‍ പറ്റിപ്പിടിച്ചിരിക്കും മാത്രമല്ല ചിതറിവീണ ഭക്ഷണത്തിന്റെ അംശങ്ങള്‍, ഇടയ്ക്കിടെ നനയുക എന്നീ കാരണങ്ങളാല്‍ ടോയ്‌ലെറ്റ് സീറ്റിലുള്ളതിനേക്കാള്‍ ഇരട്ടി ബാക്ടീരിയകള്‍ ഈ ചവിട്ടികളില്‍ കുടിയേറും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ കിച്ചന്‍ മാറ്റുകള്‍ സോപ്പുവെള്ളത്തില്‍ കുതിര്‍ത്തുവെച്ച് കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കുക. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇവ മാറ്റേണ്ടതാണ്.

* ചപ്പാത്തി പലക – ചപ്പാത്തി പലക തടികൊണ്ടുള്ളതായാല്‍ ഇതില്‍ കൃമികള്‍ അധികം ഉണ്ടാവും. അതുകൊണ്ട് തടിയല്ലേ എന്ന് വിചാരിക്കാതെ വെള്ളത്തില്‍ മുക്കി കഴുകിയെടുത്ത് വെയിലത്തുവെച്ച് ഉണക്കുക.

* ഫ്രിഡ്ജ് – ഫ്രിഡ്ജിലെ വെജിറ്റബിള്‍ ബോക്‌സിന്റെ അടിഭാഗത്തുള്ള പച്ചക്കറികളാണ് ആദ്യം അഴുകി തുടങ്ങുക. ഇങ്ങനെ ചീഞ്ഞ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങളിലൂടെ ബാക്ടീരിയകള്‍ ഫ്രിഡ്ജ് മുഴുവന്‍ വ്യാപിക്കും. അതുകൊണ്ട് മാസത്തിലൊരിക്കല്‍ ഈ ബോക്‌സുകളെ സോഡപ്പൊടിയും ഡിറ്റര്‍ജന്റെ് ചേര്‍ത്ത വെള്ളവും കൊണ്ട് നല്ലവണ്ണം കഴുകി വെയിലത്ത് ഉണക്കിയ ശേഷം ഉപയോഗിക്കുക.