Sports

മെസ്സിയേയും ഇന്റര്‍മിയാമിയെയും കൂകിവിളിച്ച് കാണികള്‍ ; ഹോങ്കോംഗില്‍ അര്‍ജന്റീന താരമിറങ്ങിയത് 10 മിനിറ്റ്

ഗള്‍ഫിന് പിന്നാലെ ഹോങ്കോംഗില്‍ സൗഹൃദമത്സരം കളിക്കാനെത്തിയ ഇന്റര്‍മയാമിയെയും ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സിയേയും കൂകി കാണികള്‍. 4-1 ന് ഇന്റര്‍മയാമി ജയിച്ച മത്സരത്തില്‍ മെസ്സി കളിക്കാന്‍ ഇറങ്ങാതിരുന്നതാണ് കാണികളെ ചൊടിപ്പിച്ചത്. മെസ്സി പന്തുതട്ടുന്നത് കാണാന്‍ എത്തി നിരാശരായവര്‍ 1000 ഹോങ്കോംഗ് ഡോളര്‍ കൊടുത്ത് വാങ്ങിയ ടിക്കറ്റിന്റെ കാശ് മടക്കിത്തരണമെന്ന് പറഞ്ഞു.

അതേസമയം ലയണല്‍ മെസ്സിക്ക് ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ 45 മിനിറ്റ് കളിക്കണമെന്നായിരുന്നു കരാറെന്നും എന്നാല്‍ താരത്തിന കാലിന് പരിക്കേറ്റതിനാലാണ് ഇറങ്ങാതിരുന്നതെന്നും കായിക മന്ത്രി അവകാശപ്പെടുന്നു. ഇന്റര്‍മയാമിയും ഹോങ്കോംഗ് ടീമുകളും തമ്മിലുള്ള മത്സരം കാണാന്‍ 38,323 ആരാധകര്‍ ആയിരുന്നു എത്തിയത്. എന്നാല്‍ എട്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരത്തിന് കളിക്കാനായില്ല.

മത്സരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ലയണല്‍ മെസ്സി ഇന്റര്‍ മിയാമിയുടെ സൗഹൃദ മത്സരത്തില്‍ കളിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി ഹോങ്കോംഗ് കായിക മന്ത്രി അവകാശപ്പെട്ടു. മെസ്സി കളിക്കാത്തതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് ടാറ്റ്ലര്‍ ഏഷ്യ ഞായറാഴ്ച വൈകി ഒരു പ്രസ്താവന പുറത്തിറക്കി. ഇന്റര്‍മയാമിയുടെ അടുത്ത മത്സരം ബുധനാഴ്ച ടോക്കിയോയില്‍ ജപ്പാന്റെ വിസല്‍ കോബെയ്ക്കെതിരെയാണ്. ഇന്റര്‍ മിയാമിയും മെസ്സിയും കളിക്കുന്ന പര്യടനത്തിലെ അവസാന പ്രീ-സീസണ്‍ മത്സരമാണ് ഇത്.

മെസ്സി തക്കസമയത്ത് സുഖം പ്രാപിക്കുമോ എന്ന് വ്യക്തമല്ല. നേരത്തേ സൗദി അറേബ്യയില്‍ നടന്ന മിയാമിയുടെ മുന്‍ മത്സരത്തില്‍ 36 കാരനായ താരം ആറ് മിനിറ്റ് മാത്രമാണ് കളിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പുതിയ എംഎല്‍എസ് സീസണ്‍ ഫെബ്രുവരി 21 ന് ആരംഭിക്കും.