Health

പകല്‍ കൊടുംചൂട്‌, രാവിലെ തണുപ്പ്‌; സൂക്ഷിക്കുക, വേനല്‍ക്കാല രോഗങ്ങള്‍ പടരാന്‍ സാധ്യത

പകല്‍ സമയങ്ങളിലെ കനത്ത ചൂടും രാവിലെ തണുപ്പുമുള്ള കാലാവസ്‌ഥയും മൂലം വേനല്‍ക്കാല രോഗങ്ങളും പിടിപെടാന്‍ സാധ്യതയേറെയെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ മുന്നറിയിപ്പ്‌. പകല്‍ച്ചൂട്‌ ഉയര്‍ന്നതു നില്‍ക്കുന്നത്‌ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെയാണ്‌ കാര്യമായി ബാധിച്ചിരിക്കുന്നത്‌. ഉച്ചസമയത്തെ കനത്ത ചൂടാണ്‌ തൊഴിലാളികളെ വലയ്‌ക്കുന്നത്‌.

അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ശീതളപാനീയകടകളിലും തിരക്കേറിത്തുടങ്ങി. ജ്യൂസും ഷെയ്‌ക്കും ഐസ്‌ക്രീമും കഴിക്കാനായി പകല്‍ പോലെ രാത്രികാലങ്ങളിലും ആളുകള്‍ ശീതളപാനീയ കടകളില്‍ എത്തിത്തുടങ്ങി. നേരത്തെ വേനല്‍ക്കാലത്ത്‌ ശീതളപാനീയക്കടകള്‍ തേടി കുടുംബസമേതമാണ്‌ എത്തുന്നത്.

ഫാനോ എസിയോ ഇല്ലാതെ രാത്രി കാലങ്ങളില്‍ വീടുകളില്‍ കഴിയാനാവാത്ത സ്‌ഥിതിയായതിനാല്‍ ഇവ വില്‍ക്കുന്ന കടകളിലും തിരക്ക്‌ വര്‍ധിച്ചു.
ചൂട്‌ കനക്കുന്നതിനാല്‍ കൂടുതലായി വെയില്‍ കൊള്ളുന്നവര്‍ക്ക്‌ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട്‌ ചുവന്ന്‌ ചൂടായ ശരീരം, ശക്‌തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്‌, മാനസികാവസ്‌ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവ സംഭവിക്കാമെന്ന്‌ ആരോഗ്യ വകുപ്പ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കി. അതിനാല്‍ വേനല്‍ക്കാലത്ത്‌ ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത്‌ ജോലി ചെയ്യേണ്ടി വരുന്നവര്‍ ഇടയ്‌ക്കിടക്ക്‌ തണലില്‍ വിശ്രമിക്കുകയും ചെയ്യണം. കുട്ടികളെ വെയിലത്തു കളിക്കാന്‍ അനുവദിക്കരുത്‌.

കട്ടികുറഞ്ഞതും വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുക. കാറ്റില്‍ ചൂട്‌ പുറത്തുപോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. വെയിലത്ത്‌ പാര്‍ക്ക്‌ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ടു പോകരുത്‌. ചൂട്‌ കൂടുതലുള്ള സമയത്ത്‌ തുറസായ സ്‌ഥലത്ത്‌ സഞ്ചരിക്കുന്നത്‌ ഒഴിവാക്കുക എന്നീ മുന്‍കരുതലുകളും സ്വീകരിക്ക ണമെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതര്‍ നിര്‍ദേശിച്ചു.