Sports

വൈഭവ് സൂര്യവംശി എന്ന വണ്ടര്‍കിഡ് ; പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങി

പന്ത്രണ്ടാം വയസ്സില്‍ രഞ്ജിട്രോഫിയില്‍ കളിക്കാനിറങ്ങി ആധുനിക യുഗത്തില്‍, ഏറ്റവും പ്രായം കുറഞ്ഞ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ എന്ന റെക്കോര്‍ഡാണ് വൈഭവ് സൂര്യവംശി. അരങ്ങേറ്റം കുറിക്കുമ്പോള്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെയും യുവ്‌രാജ്‌സിംഗിനെയുമാണ് വൈഭവ് ഓര്‍മ്മിപ്പിച്ചത്. ശക്തരായ മുംബൈയ്ക്കെതിരെ വൈഭവ് കളിക്കാനിറങ്ങിയപ്പോള്‍ സച്ചിന്റെയും യുവ്‌രാജ് സിംഗിന്റെയും ഒപ്പം റെക്കോഡില്‍ ഇടം പിടിച്ചിരിക്കുകയാണ്.

വെറും 12 വര്‍ഷവും 284 ദിവസവും പ്രായമുള്ള വൈഭവ് ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ അരങ്ങേറുന്ന ആധുനിക കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോഡാണ് തകര്‍ത്തത്. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ അരങ്ങേറ്റം നടത്തുമ്പോള്‍ 15 വയസും 230 ദിവസവും ആയിരുന്നു പ്രായം. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവ്‌രാജ് ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുമ്പോള്‍ 15 വയസും 57 ദിവസവുമായിരുന്നു പ്രായം.

തന്റെ ആദ്യ ഔട്ടിംഗില്‍, മൊത്തത്തില്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യന്‍ താരമാണ് വൈഭവ്. ബിഹാറില്‍ ഉടനീളമുള്ള വിവിധ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ ബൗളര്‍മാരെ ലെതര്‍ ഹണ്ടിന് അയച്ചുകൊണ്ടാണ് വൈഭവ് വളര്‍ന്നത്.

അന്തര്‍ ജില്ലാ ടൂര്‍ണമെന്റായ ഹേമാന്‍ ട്രോഫിയില്‍, എട്ട് മത്സരങ്ങളില്‍ നിന്ന് ഏകദേശം 800 റണ്‍സ് വാരിക്കൂട്ടി, സംസ്ഥാനത്തെ പരിചയസമ്പന്നരായ കളിക്കാരെപ്പോലും പിന്തള്ളി വൈഭവ് ബീഹാറിന്റെ ടോപ് സ്‌കോററായി. തന്റെ തകര്‍പ്പന്‍ ഫോം തുടരുന്ന വൈഭവ് വിനു മങ്കാഡ് ട്രോഫിയില്‍ മികവ് പുലര്‍ത്തി, വെറും അഞ്ച് മത്സരങ്ങളില്‍ നിന്ന് 400 റണ്‍സ് തികച്ചു.

അതേസമയം രഞ്ജിട്രോഫിയില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞതാരം ഇവരാരുമല്ല. 12 വയസ്സും 73 ദിവസവും പ്രായമുള്ളപ്പോള്‍ കളിച്ച അലിമുദ്ദീനാണ്. അജ്മീര്‍ സ്വദേശിയായ അലിമുദ്ദീന്‍ 1942-43 സീസണില്‍ രഞ്ജി ട്രോഫി സെമിയില്‍ രജപുത്താനയെ പ്രതിനിധീകരിച്ചു. അജ്മീറില്‍ ജനിച്ച എസ്‌കെ ബോസ് 1959-60ല്‍ 12 വയസ്സും 76 ദിവസവും പ്രായമുള്ളപ്പോള്‍ ബീഹാറിനുവേണ്ടി അരങ്ങേറ്റം കുറിച്ചു. 1937 ഒക്ടോബറില്‍, രഞ്ജി ട്രോഫിയില്‍ ഉത്തരേന്ത്യയെ പ്രതിനിധീകരിച്ച് 12 വര്‍ഷവും 247 ദിവസവും അരങ്ങേറ്റം കുറിച്ചുകൊണ്ട് മുഹമ്മദ് റംസാന്‍ ചരിത്രത്തില്‍ ഇടം നേടി.