Featured Health

കാരണമൊന്നുമില്ലാതെ വിശപ്പില്ലാ​മ നിസാരമല്ല; ഗുരുതരരോഗങ്ങളുടെ ലക്ഷണങ്ങളാവാം

ശരീരം ആരോഗ്യത്തോടെ ഇരിയ്ക്കുന്നതിന്റെ സൂചകമായി ശരീരം തന്നെ നമുക്ക് പല ലക്ഷണങ്ങളും തരും. ശരീരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങളും ശരീരം കാണിച്ച് തരും. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ സൂചനകളില്‍ ഒന്നാണ് നല്ല വിശപ്പ്. എന്തെങ്കിലും രോഗവുമായി ഡോക്ടറുടെ അടുക്കല്‍ പോകുമ്പോള്‍ വിശപ്പുണ്ടോ, വയറ്റില്‍ നിന്ന് പോകുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കുന്നതും ഇത് കൊണ്ടാണ്. ചിലപ്പോള്‍ കാരണമൊന്നുമില്ലാതെ തന്നെ വിശപ്പ് ഇല്ലാതാകും. ഇത് ദീര്‍ഘകാലം നീണ്ടു നിന്നാല്‍ ശരീരത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് വേണം മനസിലാക്കാന്‍…

* നിരന്തരമായ അണുബാധ – ക്ഷയം, എയ്ഡ്സ് പോലുള്ള ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങളും അണുബാധകളും വിശപ്പില്ലായ്മയിലേക്ക് നയിക്കാം. ഈ അണുബാധകളോടുള്ള ശരീരത്തിന്റെ പ്രതിരോധ പ്രതികരണം ദഹനവ്യവസ്ഥയുടെ സാധാരണ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതാണ് ഇതിന് പിന്നിലെ കാരണം.

* വയറിനും കുടലിനുമുള്ള പ്രശ്നങ്ങള്‍ – ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസ്, ഗ്യാസ്ട്രിറ്റിസ്, പെപ്റ്റിക് അള്‍സര്‍ എന്നിങ്ങനെ ദഹനനാളിയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വിശപ്പില്ലായ്മയ്ക്കും വയര്‍ വേദനയ്ക്കും കാരണമാകും.

* അര്‍ബുദം – വിശദീകരിക്കാനാകാത്തതും ദീര്‍ഘകാലവുമായുള്ള വിശപ്പില്ലായ്മ ചിലതരം അര്‍ബുദങ്ങളുടെയും സൂചനയാകാം. വയറിനെയും പാന്‍ക്രിയാസിനെയും ദഹനസംവിധാനത്തെയും ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഭക്ഷണത്തോടുള്ള താത്പര്യം നഷ്ടപ്പെടുത്താറുണ്ട്. ഇത്തരം അര്‍ബുദങ്ങള്‍ നേരത്തെ കണ്ടെത്താന്‍ ഇടയ്ക്കിടെയുള്ള ആരോഗ്യ പരിശോധനകള്‍ സഹായകമാണ്.

* തൈറോയ്ഡ് തകരാര്‍ -തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് ഹോര്‍മോണ്‍ പുറപ്പെടുവിക്കാത്ത അവസ്ഥയായ ഹൈപോതൈറോയ്ഡിസം വിശപ്പ് കുറയാന്‍ കാരണമാകാം. ചയാപചയത്തെ നിയന്ത്രിക്കുന്നതില്‍ മുഖ്യ പങ്കാണ് തൈറോയ്ഡ് ഗ്രന്ഥി വഹിക്കുന്നത്. ഇതിനുള്ള തകരാര്‍ ചയാപചയ പ്രക്രിയയുടെ താളം തെറ്റിക്കുകയും വിശപ്പില്ലായ്മ അടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

* മാനസികാരോഗ്യം- വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രതിഫലിക്കുന്നത് വിശപ്പില്ലായ്മ പോലുള്ള ലക്ഷണങ്ങളുമായാണ്. മനസ്സിനെ ബുദ്ധിമുട്ടിക്കുന്ന കാരണം കണ്ടെത്തേണ്ടത് വിശപ്പില്ലായ്മ മാറ്റാന്‍ ഇത്തരം ഘട്ടങ്ങളില്‍ അത്യാവശ്യമാണ്.