Hollywood

ജുറാസിക് പാര്‍ക്ക് അവസാനിക്കുന്നില്ല ; സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ആറാം ഭാഗം വരുന്നു

1990 ല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് – ഡേവിഡ് കോപ്പ് കൂട്ടുകെട്ടില്‍ ലോകസിനിമയില്‍ വമ്പന്‍മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ടായിരുന്നു ദിനോസറുകളുടെ കഥയുമായി ‘ജുറാസിക് പാര്‍ക്ക്’ വെളിച്ചത്ത് വന്നത്. പിന്നീട് ക്രീച്ചര്‍ സിനിമകള്‍ അനവധി വന്നെങ്കിലും ജൂറാസിക്കിന്റെ മൂലസിനിമയുടെ നിലവാരത്തിലേക്ക് ഉയരാന്‍ ശേഷിയുള്ള ഒരെണ്ണം പോലും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന നിരൂപകര്‍ ഏറെയാണ്.

എന്നാല്‍ ജുറാസിക് പാര്‍ക്ക് പരമ്പര അവസാനിക്കുന്നില്ല. യഥാര്‍ത്ഥ ജുറാസിക് പാര്‍ക്കിനും (1993) അതിന്റെ 1997 ലെ തുടര്‍ച്ചയായ ദി ലോസ്റ്റ് വേള്‍ഡ്: ജുറാസിക് പാര്‍ക്കിനും തിരക്കഥയെഴുതിയ ഡേവിഡ് കോപ്പ്, മൈക്കല്‍ ക്രിക്ടന്റെ അതേ പേരിലുള്ള പുസ്തകങ്ങളെ അടിസ്ഥാനമാക്കി, ഒരു പുതിയ കഥാഗതിയുമായി തിരക്കഥ എഴുതാന്‍ ഒരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം.

ഡേവിഡ് കോപ്പിന്റെ ഈ തിരിച്ചുവരവിന് ആദ്യ ജുറാസിക് പാര്‍ക്കിന്റെ സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ പിന്തുണയുമുണ്ട്. ഒറിജിനല്‍ ഡയറക്ടര്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തന്റെ ആംബ്ലിന്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ എക്‌സിക്യൂട്ടീവ് പ്രൊഡക്ഷന്‍ നടത്തും. നിര്‍മ്മാതാക്കളില്‍ പാട്രിക് ക്രോളിയും ഫ്രാങ്ക് മാര്‍ഷലും ഉള്‍പ്പെടുന്നു. പ്ലോട്ട് വിശദാംശങ്ങളോ കാസ്റ്റിംഗിനെക്കുറിച്ചോ സംവിധായകനെക്കുറിച്ചോ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. ഇത് ആറാമത്തെ ജുറാസിക് ചിത്രമാണ്. 2022 ല്‍ പുറത്തുവന്ന ജുറാസിക് വേള്‍ഡ് ഡൊമിനിയനാണ് അവസാനമായി ജുറാസിക് വേള്‍ഡില്‍ നിന്നും പുറത്തുവന്ന സിനിമ.