Hollywood

നിയമവിരുദ്ധമായി വാച്ച് കടത്താന്‍ ശ്രമിച്ചെന്ന് ആരോപണം ; ഷ്വാര്‍സെനഗറെ ജര്‍മ്മനിയില്‍ തടഞ്ഞുവെച്ചു

ഹോളിവുഡ് ആക്ഷന്‍ഹീറോയും കാലിഫോര്‍ണിയ മൂന്‍ ഗവര്‍ണറുമായ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറെ ജര്‍മ്മനിയില്‍ തടഞ്ഞുവെച്ചു. 76 കാരനായ ടെര്‍മിനേറ്റര്‍ താരത്തെ മ്യൂണിക് വിമാനത്താവളത്തിലാണ് കസ്റ്റംസ് ഓഫീസര്‍മാര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചത്. താരത്തിന്റെ ലഗേജില്‍ ഉണ്ടായിരുന്ന ആഡംബരവാച്ചിന്റെ വിവരം മറച്ചുവെച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ നടനെ തടഞ്ഞത്.

ലോസ് ഏഞ്ചല്‍സില്‍ നിന്ന് പറന്ന താരം മ്യൂണിക്ക് വിമാനത്താവളത്തില്‍ നികുതി നിയമം ലംഘിച്ചെന്നാണ് ആരോപണം. ലഗേജ് പരിശോധന നടത്താന്‍ താരത്തെ വലിച്ചിഴയ്ക്കുകയും ബാഗില്‍ നിന്ന് ആഡംബര സ്വിസ് ബ്രാന്‍ഡായ ഔഡെമര്‍സ് പിഗ്വെറ്റില്‍ നിന്നുള്ള 26,000 യൂറോയുടെ കസ്റ്റം-മെയ്ഡ് വാച്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തതായി ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മ്യൂണിക്കിലെ പ്രധാന കസ്റ്റംസ് ഓഫീസിന്റെ വക്താവ് തോമസ് മെയ്സ്റ്റര്‍ പറഞ്ഞു, വാച്ച് ഒരു ഇറക്കുമതി ആയതിനാല്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. നടനെതിരേ ജര്‍മ്മനിയിലെ കസ്റ്റംസ് ക്രിമിനല്‍ നികുതി നടപടികളും ആരംഭിച്ചു. ഓസ്ട്രിയയുടേയും യുഎസിന്റെയും ഇരട്ടപൗരത്വമുള്ള താരം നാളെ ഓസ്ട്രിയയിലെ കിറ്റ്‌സ്ബുഹെലില്‍ നടക്കുന്ന ചാരിറ്റി ലേലത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.

തന്റെ ലോക കാലാവസ്ഥാ ഉച്ചകോടി ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് അത്താഴ വേളയില്‍ ലേലം ചെയ്യുന്നതിനായി അദ്ദേഹം തന്റെ സ്വകാര്യ ശേഖരത്തില്‍ നിന്ന് ആഡംബര വാച്ച് പായ്ക്ക് ചെയ്തിരുന്നു. പങ്കാളിയായ ഹെതര്‍ മില്ലിഗനും ആര്‍നോള്‍ഡിന് ഒപ്പമുണ്ടായിരുന്നു. നിയമം അനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ തുടരുകയാണെങ്കില്‍ വസ്തുവകകള്‍ കസ്റ്റംസ് മുഖേന പ്രഖ്യാപിക്കണമെന്നാണ്.

ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്തതിന് തുടര്‍ന്ന് ആര്‍ണോള്‍ഡ് തന്റെ അഭിഭാഷകരെ വിളിച്ചു. താരത്തിനെതിരേ വാച്ച് പ്രഖ്യാപിക്കുന്നതില്‍ പരാജയപ്പെട്ടതിന് 35,000 യൂറോ പിഴ ചുമത്തി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം നടനെ മോചിപ്പിക്കുകയും പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് മുമ്പ് ഓസ്ട്രിയയിലേക്കുള്ള യാത്ര തുടരാന്‍ അനുവദിക്കുകയും ചെയ്തു.