Oddly News

പിതാവിന്റെ കൂര്‍ക്കംവലി സഹിക്കാന്‍ കഴിഞ്ഞില്ല ; കണക്കിന് പെരുമാറി കുഞ്ഞ്

കൂര്‍ക്കംവലി പലര്‍ക്കും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ദമ്പതിമാര്‍ക്കിടയില്‍ പലപ്പോഴും ഉണ്ടാകുന്ന ഒരു പ്രശ്‌നം കൂടിയാണ് കൂര്‍ക്കംവലി. ഇപ്പോള്‍ പിതാവിന്റെ കൂര്‍ക്കംവലിയ്ക്ക് കണക്കിന് കൊടുക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോയാണ് വൈറലാകുന്നത്.

ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ ഒരു കുടുംബത്തിലാണ് സംഭവം നടന്നത്. 2023 ഡിസംബര്‍ 22-ന് ന്യൂസ്ഫ്‌ലെയര്‍ എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അമ്മയ്ക്കും അച്ഛനും ഇടയില്‍ കിടന്ന് ഉറങ്ങാന്‍ ശ്രമിക്കുന്ന കുഞ്ഞിനെയാണ് വീഡിയോയുടെ ആദ്യം കാണുന്നത്. ഇതിനിടെ, കുട്ടിയുടെ അച്ഛന്‍ വലിയ ശബ്ദത്തില്‍ കൂര്‍ക്കം വലിക്കുന്നതും കേള്‍ക്കാം. ഇതു കേട്ട് അസ്വസ്ഥനാകുന്ന കുഞ്ഞ് അച്ഛന്റെ അടുത്തേക്ക് ചെന്ന് മുഖത്ത് അടിക്കുന്നതും കാണാം. എന്നാല്‍ ആദ്യത്തെ അടി അച്ഛന് തെല്ലും ഏറ്റിട്ടില്ല എന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. ഒന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നതിനു ശേഷം അദ്ദേഹം ഉറക്കം തുടരുന്നുമുണ്ട്.

വീണ്ടും ഉറങ്ങാന്‍ കിടന്ന കുട്ടി അച്ഛന്റെ കൂര്‍ക്കം വലി തുടരുന്നതു കേട്ട് പിന്നെയും അസ്വസ്ഥനാകുകയാണ്. വീണ്ടും കുഞ്ഞ് അച്ഛന്റെ അടുത്തേക്ക് നീങ്ങി മുഖത്തിനിട്ട് ശക്തിയായി അടിക്കുന്നതാണ് പിന്നീട് വീഡിയോയില്‍ കാണുന്നത്. ഇക്കുറി അടി നന്നായി തന്നെ ഏറ്റതായാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്. അടി കൊണ്ട് കുട്ടിയുടെ അച്ഛന്‍ ഉറക്കെ കരയുന്നതും കേള്‍ക്കാം. ഇതു കേട്ട് കുഞ്ഞിന്റെ അമ്മ പൊട്ടിച്ചിരിക്കുന്നതും കുട്ടിയെ ചേര്‍ത്തു പിടിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ സംഭവം എന്നു നടന്നതാണ് എന്ന കാര്യം വ്യക്തമല്ല.