Oddly News

താറുമാറായ റോഡിലൂടെ ഓട്ടോ പോലും വന്നില്ല ; യുവാവ് ഭാര്യയുടേയും കുഞ്ഞിന്റെയും മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍

റോഡ് മോശമായി കിടക്കുന്ന പ്രദേശത്ത് വാഹനം എത്തിച്ചേരാത്തതിനെ തുടര്‍ന്ന് ആന്ധ്രയില്‍ ഭാര്യയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങള്‍ ആദിവാസി യുവാവ് കൊണ്ടുപോയത് ടൂ വീലറില്‍. ഗതാഗത സൗകര്യങ്ങള്‍ കിട്ടാതെ വന്നതും മോശം റോഡ് അവസ്ഥയും കാരണം ആന്ധ്രാപ്രദേശിലെ ഗുംഗുലു എന്നയാള്‍ക്കാണ് തന്റെ ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ നിന്ന് താമസിക്കുന്ന ചിറ്റേംപാഡുവിലെ ഗ്രാമത്തിലേക്ക് ഈ രീതിയില്‍ കൊണ്ടുപോകേണ്ടി വന്നത്.

ഇയാളുടെ കുഞ്ഞിനും ഭാര്യ മദാല ഗംഗമ്മയ്ക്കും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അസുഖം ബാധിച്ചിരുന്നു. റോഡിന്റെ മോശം അവസ്ഥ കാരണം, രോഗിയായ ഭാര്യയെയും കുഞ്ഞിനെയും താല്‍ക്കാലിക സ്‌ട്രെച്ചറില്‍ ചുമന്നാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. ഇതിനായി ഗംഗുലു എന്നയാള്‍ക്ക് 5 കിലോമീറ്ററാണ് ചുമക്കേണ്ടി വന്നത്. ചിറ്റെമ്പാട് ഗ്രാമത്തില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള വിശാഖപട്ടണം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ജനുവരി ഏഴിനാണ് കുട്ടി മരിച്ചത്.

ഗംഗാമ്മയുടെ ആരോഗ്യനില വഷളാകുകയും വിശാഖപട്ടണത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ അവരും മരിക്കുകയും ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. ഭാര്യയുടെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കാന്‍ ആരും തയ്യാറാകാത്തതിനാല്‍ ചിറ്റേമ്പാടില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള എസ് കോട്ടയ്ക്കപ്പുറത്തേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ആരും തന്നെ മുമ്പോട്ട് വന്നില്ല. ഇതോടെ സുഹൃത്തിന്റെ ഇരുചക്രവാഹനത്തില്‍ യുവാവ് ഗംഗമ്മയുടെ മൃതദേഹം ബോധവാര റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിച്ച ശേഷം അവിടെ നിന്ന് മൃതദേഹം രണ്ട് തടികളില്‍ കെട്ടി ഗ്രാമത്തിലേക്ക് കൊണ്ടുപോകേണ്ടി വന്നു.

ആന്ധ്രാപ്രദേശിലെ മുന്‍ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) സര്‍ക്കാര്‍ 2018 ല്‍ വിദൂര ആദിവാസി പ്രദേശങ്ങളില്‍ തല്‍ക്ഷണ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനായി ‘ഫീഡര്‍ ആംബുലന്‍സുകള്‍’ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഗുരുതരമായി രോഗം ബാധിച്ച സ്ത്രീയെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും ഡോലിയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്ന നിര്‍ഭാഗ്യകരമായ സാഹചര്യമായിരുന്നു ഗംഗുലുവിന് വിനയായി മാറിയത്.