Health

ഉറങ്ങാന്‍ പോകുമ്പോള്‍ നെഞ്ചെരിച്ചിലോ? പരിഹരിയ്ക്കാം ഇക്കാര്യങ്ങളിലൂടെ

നമ്മളെയൊക്കെ പലപ്പോഴും പ്രശ്നത്തിലാക്കുന്ന ഒന്നാണ് നെഞ്ചെരിച്ചില്‍. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നെഞ്ചെരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം…

* കിടക്കുന്നതിന് 2,3 മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഇത് വയറിലെ ഭക്ഷണമെല്ലാം കുടലിലേക്ക് നീക്കാനുള്ള സമയം ദഹനസംവിധാനത്തിന് നല്‍കും. ഇത്തരത്തില്‍ ആസിഡ് റീഫ്ളക്സ് സാധ്യത കുറയ്ക്കാം.

* ചെറിയ അളവില്‍ ഭക്ഷണം പല തവണയായി കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് അമിതഭാരമുണ്ടാക്കില്ല. ഇത് നെഞ്ചെരിച്ചിലിനുള്ള സാധ്യത കുറയ്ക്കുന്നു. രാത്രിയിലെ ഭക്ഷണം ലഘുവാക്കാനും ശ്രദ്ധിക്കണം.

* ഇഞ്ചി ചായ കുടിക്കുന്നതും ആസിഡ് റീഫ്ളക്സ് സാധ്യതകള്‍ കുറയ്ക്കുന്നതാണ്.

* ഉറക്കത്തിന് മുന്‍പ് ഏതെല്ലാം ഭക്ഷണങ്ങള്‍ കഴിക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ വരുന്നതെന്ന് നിരീക്ഷിച്ച് കണ്ടു പിടിച്ച് രാത്രിയില്‍ അവ കഴിവതും ഒഴിവാക്കുക.

* കിടക്കുമ്പോള്‍ തലയണ ഉപയോഗിച്ച് ചെറുതായിപൊക്കി വച്ച് കിടക്കുന്നതും ആസിഡ് റീഫ്ളക്സ് കുറയ്ക്കും.