Crime

‘ശ്വാസം മുട്ടി കുഞ്ഞിന്റെ നെഞ്ചും മുഖവും വീര്‍ത്തിരുന്നു’; നടുക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ബംഗളൂരു: ഗോവയില്‍വച്ച് ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ് സി.ഇ.ഒ സുചന സേഥ് നാലുവയസുകാരന്‍ മകനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്മോര്‍ട്ടം റിപ്പോര്‍ട്ട്. അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ തലയണയോ പുതപ്പോ ഉപയോഗിച്ചാകാം കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസംമുട്ടിയതിനെ തുടര്‍ന്ന് കു‍ഞ്ഞിന്റെ നെഞ്ചും മുഖവും വീര്‍ത്താണിരുന്നതെന്നും കുട്ടിയുടെ മൂക്കില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്കായി കുഞ്ഞിന്റെ ശരീരം ബംഗളൂരുവിലേക്ക് കൊണ്ടപോയി.

2010 ലാണ് മലയാളിയായ വെങ്കട്ട് രാമനെ സുചന വിവാഹം കഴിച്ചത്. 2019 ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. ദാമ്പത്യകലഹമാണു കുട്ടിയെ കൊലപ്പെടുത്താന്‍ സുചനയെ പ്രേരിപ്പിച്ചതെന്നാണു സൂചന. വിവാഹമോചന നടപടികള്‍ അന്തിമഘട്ടത്തിലാണ്‌. കോടതിവിധിപ്രകാരം കുട്ടിയെ ആഴ്‌ചയില്‍ മൂന്നുദിവസം അച്‌ഛനൊപ്പം വിടണം. ഇത്‌ ഒഴിവാക്കാനാണു സുചന കൊടുംക്രൂരകൃത്യം നടത്തിയതെന്നാണു പോലീസിനു പറയുന്നത്.

ഗോവയില്‍ അമ്മ കൊലപ്പെടുത്തിയ മകനെ കാണാന്‍ കഴിഞ്ഞ അഞ്ച്‌ ആഴ്‌ചകളായി അനുവദിച്ചിരുന്നില്ലെന്ന്‌ പിതാവ്‌ വെങ്കട്ട്‌രാമന്‍ പോലീസിനെ അറിയിച്ചു. കൊലപാതകം നടക്കുമ്പോള്‍ വെങ്കട്ട്‌രാമന്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലായിരുന്നു.