Oddly News

ഏഴ് വിവാഹങ്ങള്‍, 19 പേരക്കുട്ടികള്‍; ഇനിയും വിവാഹത്തിന് തയാറെന്ന് 112-കാരി,ആ​രോഗ്യരഹസ്യം വെളിപ്പെടുത്തുന്നു

വാര്‍ധക്യ കാലം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കാലം തന്നെയാണ്. വളരെ സന്തോഷകരമായി ചിലവഴിയ്‌ക്കേണ്ട സമയം കൂടിയാണ് ഇത്. തന്റെ 112-ാം വയസില്‍ മലേഷ്യയില്‍ വളരെ സന്തോഷകരമായി കഴിയുന്ന വയോധികയാണ് സിതി ഹവ. മലേഷ്യയിലെ കജാങ് സെബിദാംഗ് നിവാസിയായ സിതി ഹവ എഴോളം പേരെയാണ് വിവാഹം ചെയ്തത്. സിതി ഹവയ്ക്ക് അവരുടെ ഏഴ് വിവാഹങ്ങളില്‍ നിന്നായി 58 നും 65 നും ഇടയില്‍ പ്രായമുള്ള അഞ്ച് മക്കളുണ്ട്. നിലവില്‍ തന്റെ ഇളയ മകനും മരുമകള്‍ക്കുമൊപ്പം ആണ് സിതി ഹവയുടെ താമസം. 19 പേരക്കുട്ടികളും പേരക്കുട്ടികള്‍ക്ക് 30 മക്കളും ഉണ്ട്.

ഈ വയസ്സിലും ആരോഗ്യകരമായ ദിനചര്യ പിന്തുടരുന്നതിനാല്‍ ഒരു ഊന്നുവടിയുടെ പോലും സഹായമില്ലാതെ സ്വന്തമായി നടക്കാനും ഇവര്‍ക്ക് സാധിക്കും. സിതി ഹവയുടെ സഹോദരങ്ങളും സുഹൃത്തുക്കളും ഒന്നും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.നിലവില്‍ ഇവര്‍ക്ക് ചെറിയ രക്തസമ്മര്‍ദ്ദം ഉണ്ടെങ്കിലും മരുന്നുകളുടെ സഹായത്തോടെ അത് കൃത്യമായി നിയന്ത്രിക്കുന്നുമുണ്ട്. കൂടാതെ നേരിയ കാഴ്ചക്കുറവും കേള്‍വിക്കുറവും മാത്രമാണ് ആകെ പറയാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. അമ്മ വളരെ ആരോഗ്യവതിയായാണ് മുന്നോട്ടുപോകുന്നതെന്നും പ്രായമാകും തോറും ഇടയ്ക്ക് ഓര്‍മ്മക്കുറവ് മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത് എന്നും ഇവരുടെ 47കാരിയായ മരുമകള്‍ സൈനുറ ആരിഫിന്‍ പറഞ്ഞു. സ്വന്തമായി ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ടോയ്‌ലറ്റില്‍ പോകാനും എല്ലാം സിതി ഹവ്ക്ക് കഴിയുമെന്നും സൈനുറ കൂട്ടിച്ചേര്‍ത്തു.തന്റെ ഈ ആയുര്‍ദൈര്‍ഘ്യത്തിന്റെ രഹസ്യത്തിന് പിന്നില്‍ എന്താണെന്ന് തിരക്കുന്നവരോട് പ്രത്യേകിച്ച് രഹസ്യങ്ങള്‍ ഒന്നുമില്ലെന്നും താന്‍ ചോറ് കഴിക്കുമ്പോള്‍ വെള്ളം ഒഴിവാക്കാറുണ്ട്, അതായിരിക്കാം കാരണം എന്നും സിതി ഹവ പറയുന്നു. ഈ പ്രായത്തിലും തന്നോട് ആരെങ്കിലും വിവാഹാഭ്യര്‍ത്ഥന നടത്തിയാല്‍ ഇനിയും വിവാഹത്തിന് തയ്യാറാണെന്നും സിതി ഹവ തമാശ രൂപേണ പറയുന്നു. ഇവര്‍ വിവാഹം ചെയ്ത ഏഴ് ഭര്‍ത്താക്കന്മാരില്‍ ചിലര്‍ മരണപ്പെടുകയും മറ്റുള്ളവര്‍ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വിവാഹമോചനം നേടുകയും ചെയ്തു.