Oddly News

ജപ്പാനില്‍ ഭുകമ്പത്തിന് അഞ്ചു ദിവസം കഴിഞ്ഞ് 90 കാരിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തി

ജപ്പാനില്‍ ഭൂകമ്പത്തിന് അഞ്ച് ദിവസത്തിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന 90 കാരിയെ രക്ഷപ്പെടുത്തി. ജപ്പാനെ പിടിച്ചുകുലുക്കിയ 7.6 തീവ്രത രേഖപ്പെടുത്തിയ കനത്ത ഭൂചലനം കഴിഞ്ഞ് 124 മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്ന ഘട്ടത്തിലാണ് വൃദ്ധയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് വലിച്ചുകയറ്റിയത്.

ഇഷികാവ പ്രിഫെക്ചറിലെ സുസു സിറ്റിയില്‍ നിന്നുള്ള സ്ത്രീയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. ആദ്യ 72 മണിക്കൂറിന് ശേഷം അതിജീവനത്തിനുള്ള സാധ്യത കുറയുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന്റെ വക്കിലായിരുന്നു അധികൃതര്‍. ഭൂകമ്പം കഴിഞ്ഞ് ഒരു എഎഫ്പി സംഘം ശുചീകരണ പ്രവര്‍ത്തനം ചിത്രീകരിക്കുന്നതിനിടെ ഒരു നായ അസാധരണമായി കുരയ്ക്കുന്നത് കേട്ട് നടത്തിയ പരിശോധനയലാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരോ ജീവിച്ചിരിപ്പുണ്ടെന്ന് സൂചന കിട്ടിയത്. തുടര്‍ന്ന് നടന്ന തെരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍ 90 കാരിയെ പുറത്തെടുത്തത്.

ഇഷികാവ മേഖലയിലെ 30,000 ത്തോളം വീടുകളില്‍ ഇപ്പോഴും വൈദ്യുതിയില്ല. ഇഷികാവയിലെയും മറ്റ് രണ്ട് പ്രദേശങ്ങളിലെയും 89,800 വീടുകള്‍ വെള്ളമില്ലാതെ, നൂറുകണക്കിന് ആളുകള്‍ സര്‍ക്കാര്‍ ഷെല്‍ട്ടറുകളില്‍ താമസിക്കുന്ന സ്ഥിതിയിലാണ്. ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 126 ആയി ഉയര്‍ന്നു, മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ് 210 പേരെയാണ് ഈ മേഖലയില്‍ നിന്നും ഇനിയും കണ്ടെത്താനുള്ളത്.