Sports

ആറു പേര്‍ പൂജ്യത്തിന് മടങ്ങി; സ്‌കോര്‍ബോര്‍ഡില്‍ അക്കമില്ലാതെ ഒമ്പത് പേര്‍, ഒരു ദിവസം വീണത് 22 വിക്കറ്റുകള്‍

ഇന്ത്യാ – ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ആര്‍ക്കെന്ന് നിര്‍ണ്ണയിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ദിനം കണ്ടത് വിക്കറ്റ് മഴ. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടപ്പോള്‍ രണ്ടാമത് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ അവസാന ആറു വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത് ഒറ്റ റണ്‍സ് പോലും അനുവദിക്കാതെ. 153 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായത് ആറു പേരായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഒരാളും ഉള്‍പ്പെടെ കളിയില്‍ ഡക്കായത് എഴുപേരായിരുന്നു. രണ്ടു ടീമിനും അവസാനം ശേഷിച്ച വിക്കറ്റും പൂജ്യരായിരുന്നതിനാല്‍ ഫലത്തില്‍ ഒമ്പത് പേരാണ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കാതെ പോയത്.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ആദ്യം പൂജ്യത്തിന് പുറത്തായത് ഓപ്പണര്‍ യശ്വസ്വീ ജെയ്‌സ്വാളായിരുന്നു. റബാഡയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. അതിന് ശേഷം നായകന്‍ രോഹിത്ശര്‍മ്മ (39),ശുഭ്മാന്‍ഗില്‍ (36), വിരാട്‌കോഹ്ലി (46) എ്ന്നിവരിലൂടെ ഇന്നിംഗ്‌സ് സ്‌റ്റെഡിയായെങ്കിലും ഗില്‍ പുറത്തായ ശേഷം വന്ന ശ്രേയസ് അയ്യര്‍ മുതല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലേക്ക് ഓട്ടം തുടങ്ങി.

വെറും 11 റണ്‍സ് ചേര്‍ക്കുന്നതിനിടയില്‍ ആറു വിക്കറ്റുകളാണ് വീണത്. ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ ഒരു പ്രത്യേക സ്‌കോറിൽ വീണ ഏറ്റവും കൂടുതൽ വിക്കറ്റാണിത്. 1877-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച സമയം മുതൽ, മറ്റൊരു ടീമിനും ഒരു പ്രത്യേക സ്‌കോറിൽ ഫോർമാറ്റിൽ അഞ്ച് വിക്കറ്റിൽ കൂടുതൽ നഷ്ടമായിട്ടില്ല.

ബര്‍ഗറിന്റെ പന്തില്‍ വെരിയന്നേ പിടിച്ചായിരുന്നു ശ്രേയസ് അയ്യര്‍ വീണത്. പിന്നാലെ കോഹ്ലി മടങ്ങിയ ശേഷം വന്ന കെ.എല്‍. രാഹുല്‍ എട്ടു റണ്‍സിന് എന്‍ഗിഡിയുടെ പന്തില്‍ വെരേയ്ന്‍ പിടിച്ചു പുറത്തായി. പിന്നാലെ രവീന്ദ്ര ജഡേജ വന്നതും പോയതും ആരും അറിഞ്ഞില്ല. എന്‍ഡിഗിയുടെ പന്തില്‍ ജാന്‍സെനായിരുന്നു ക്യാച്ച്. തൊട്ടടുത്ത പന്തില്‍ ബൂംറേയും ക്യാച്ചില്‍ പൂജ്യനായി മടങ്ങി. ബൗളര്‍ക്കും ഫീല്‍ഡര്‍ക്കും മാറ്റമുണ്ടായിരുന്നില്ല. അടുത്ത പുറത്താകല്‍ മുഹമ്മദ് സിറാജിന്റേതായിരുന്നു. ബര്‍ഗര്‍ റണ്ണൗട്ടാക്കി മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ സ്‌കോറും പൂജ്യം തന്നെ. അടുത്ത പന്തില്‍ പ്രസിദ്ധകൃഷ്ണ റബാഡയുടെ പന്തില്‍ മാര്‍ക്രത്തിന്റെ ഗ്‌ളൗസില്‍ എത്തിയപ്പോള്‍ മറുവശത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന മുകേഷ്‌കുമാറാകട്ടെ പൂറത്താകാതെ പൂജ്യനായി നിന്നു.

ആദ്യ ഇന്നിംഗ്‌സില്‍ 55 ന് പുറത്തായി ദക്ഷിണാഫ്രിക്കന്‍ നിരയില്‍ മാര്‍ക്കോ ജന്‍സണായിരുന്നു പൂജ്യത്തിന് പുറത്തായത്. ഓരോരോ ബാറ്റ്‌സ്മാന്‍മാരായി പുറത്താകുമ്പോള്‍ അവസാനം നോട്ടൗട്ടായി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ അവശേഷിച്ച ലുംഗി എന്‍ഗിഡിയുടെ സ്‌കോര്‍ബോര്‍ഡിലും പൂജ്യമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടുപേര്‍ രണ്ടക്കം കണ്ടപ്പോള്‍ എട്ടുപേരും ഒറ്റ അക്കത്തില്‍ തന്നെ പുറത്തായി.

കളിയുടെ ആദ്യ ഇന്നിംഗ്‌സില്‍ ഇരുടീമുകളും കുറഞ്ഞ സ്‌കോറില്‍ പുറത്തായപ്പോയപ്പോള്‍ ആദ്യദിനം തന്നെ വീണത് 22 വിക്കറ്റുകളായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗില്‍ ഇന്ത്യയുടെ മുഹമ്മദ് സിറാജ് ആറു വിക്കറ്റുകളും ജസ്പ്രീത് ബുംറയും മുകേഷ്‌കുമാറും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി. ഇന്ത്യന്‍ ബാറ്റിംഗിനെ 153 ല്‍ തടഞ്ഞുനിര്‍ത്തിയ ദക്ഷിണാഫ്രിക്കക്കാരില്‍ കാഗിസോ റബാഡയും എന്‍ഗിഡിയും ബര്‍ഗറും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നടുവൊടിച്ചുകളഞ്ഞത്.