തമിഴകത്തിന്റെ സ്വന്തം തലൈവര്‍ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടയാന്‍’. രജനികാന്തും ഫഹദ് ഫാസിലും ഒന്നിക്കുന്ന വേട്ടയാന്റെ സെറ്റില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേട്ടയാന്റെ സെറ്റില്‍ നിന്നുള്ള ഏറ്റവും പുതിയ വീഡിയോയില്‍, രജനീകാന്തിന് അരികെ വൈബ്രന്റ് പ്രിന്റഡ് ഷര്‍ട്ട് ധരിച്ച ഫഹദ് ഫാസിലിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. രജനികാന്ത് ക്രൂ അംഗങ്ങളുമായി സംവദിക്കുന്നതും വീഡിയോ ക്ലിപ്പില്‍ കാണാം.
‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന് ടി ജെ ജ്ഞാനവേല്‍ ഒരുക്കുന്ന വമ്പന്‍ താരനിരയുള്ള ഒരു ആക്ഷന്‍ എന്റര്ടെയ്നറായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്. 32 വര്‍ഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്. 1991-ല്‍ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്. തലൈവരുടെ മുഴുനീള ആക്ഷന്‍ ചിത്രമെന്നാണ് ആരാധകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
പ്രമോയില്‍ താരം ഒരു പിസ്റ്റള്‍ ഉപയോഗിക്കുന്ന വിഷ്വലും പുറത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിലെ ‘തലൈവരുടെ’ വേഷം എന്താണെന്ന് വ്യക്തമല്ല. അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍ എന്നിവരെ കൂടാതെ റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. തലൈവര്‍ രജനികാന്തിന്റെ 170-ാം ചിത്രമാണ് ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ‘വേട്ടയാന്‍’. സംഗീതസംവിധായകന് അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രാഹകന്‍ എസ് ആര് കതിര്, എഡിറ്റര്‍ ഫിലോമിന്‍ രാജ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.