റണ്‍വേ ആണെന്ന് കരുതി വിമാനം ലാന്‍ഡ് ചെയ്തത് തണുത്തുറഞ്ഞ നദിയില്‍. 30 യാത്രക്കാരുമായി എത്തിയ വിമാനമാണ് റണ്‍വേയാണെന്നു കരുതി തണുത്തുറഞ്ഞ നദിയില്‍ ലാന്‍ഡ് ചെയ്തത്. ഡിസംബര്‍ 28 നായിരുന്നു സംഭവം. കോളിമ നദിക്കു സമീപമുള്ള സിരിയങ്ക വിമാനത്താവളത്തിലാണ് വിമാനമിറങ്ങേണ്ടിയിരുന്നത്.
കനത്ത മഞ്ഞുവീഴ്ചയില്‍ മൂടിപ്പോയതിനാല്‍ പൈലറ്റിന് റണ്‍വേ കാണാനായില്ല.പോളാര്‍ എയര്‍ലൈന്‍സിന്റെ അന്റോനോവ് എഎന്‍24 ആര്‍വി വിമാനമാണ് (ആര്‍എ47821) കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന കോളിമ നദിയില്‍ ലാന്‍ഡ് ചെയ്തത്. റണ്‍വേ അടയാളപ്പെടുത്തുന്ന ലൈറ്റും ഇല്ലായിരുന്നു. അതിനാല്‍ റണ്‍വേ തിരിച്ചറിയാനാവാതെ പൈലറ്റ് ലാന്‍ഡ് ചെയ്യുകയായിരുന്നു.
വിമാനമിറങ്ങിക്കഴിഞ്ഞപ്പോഴാണ് ലാന്‍ഡിങ് റണ്‍വേയിലല്ലെന്നും നദിയിലാണെന്നും യാത്രക്കാരും ജീവനക്കാരും തിരിച്ചറിഞ്ഞത്. ഭയന്നുപോയ യാത്രക്കാര്‍ മഞ്ഞിലൂടെ ശ്രദ്ധാപൂര്‍വം കരയിലേക്കു നടക്കുന്നതു വിഡിയോയില്‍ കാണാം.അതിശൈത്യത്തില്‍ തണുത്തുറഞ്ഞ നദിയുടെ ഉപരിതലത്തിലിറങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ പുറത്തിറങ്ങുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പൈലറ്റിന്റെ അശ്രദ്ധമൂലമാണ് ലാന്‍ഡിങ്ങിലെ പിഴവെന്ന് സൈബീരിയന്‍ ഗതാഗത വകുപ്പ് അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.