Oddly News

ഇറാനില്‍ ഭരണമാറ്റം വരുത്തിയ വിരുന്ന് ; ടെന്റ് സാമഗ്രികള്‍ കൊണ്ടുവന്നത് 100 വിമാനങ്ങളില്‍; 18 ടണ്‍ ഭക്ഷണം, ഒഴുക്കിയത് 25,000 കുപ്പി വൈന്‍

കര്‍ക്കശമായ ഇസ്‌ളാമിക മതരാഷ്ട്രം എന്ന മുഖമാണ് അന്താരാഷ്ട്ര വേദിയില്‍ നിലവില്‍ ഇറാനിലുള്ളത്. മതവിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വധശിക്ഷയ്ക്ക് പോലും വിധേയമാക്കപ്പെടുന്ന ഇറാന്‍ പക്ഷേ ഈ നിലയിലേക്ക് മാറിയതിന് കാരണം മദ്യവും മദിരാക്ഷിയുമായി അവിടെ നടത്തപ്പെട്ട ഒരു വലിയ ‘ആഡംബരപാര്‍ട്ടി’ യായിരുന്നു എന്ന് കേട്ടാല്‍ വിശ്വസിക്കുമോ

1971 ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ 2500 മത് വാര്‍ഷികത്തില്‍ ഇറാനില്‍ മരുഭൂമിയില്‍ വന്‍തുക ചെലവാക്കി നടത്തിയ ഒരു പാര്‍ട്ടിയില്‍ നിന്നുമായിരുന്നു ഈ മാറ്റത്തിന്റെ തുടക്കം. രാജ്യത്തെ ജനസംഖ്യയുടെ പകുതിയും പട്ടിണിയില്‍ കഴിയുമ്പോള്‍ ചരിത്രത്തിലെ ഏറ്റവും അതിരുകടന്ന പാര്‍ട്ടിയായി അംഗീകരിക്കപ്പെട്ട മൊഹമ്മദ് റെസ ഷാ ആതിഥേയത്വം വഹിച്ച സമ്പന്നമായ ആഘോഷമായിരുന്നു പരിവര്‍ത്തനം കൊണ്ടുവന്നത്.

പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ 2,500-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി ഇറാനില്‍ ഒരു വലിയ ആഘോഷം സംഘടിപ്പിക്കാന്‍ ഷാ തീരുമാനിച്ചു. 1971 ല്‍ നടത്തിയ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടിക്കായി ഒരു വര്‍ഷം മുമ്പ് തന്നെ ഒരുക്കങ്ങള്‍ തുടങ്ങി. പെര്‍സപോളിസ് എന്ന് വിളിക്കുന്ന പ്രദേശത്തെ 30 കിലോമീറ്ററുകളില്‍ അതിഥികള്‍ക്ക് തങ്ങാന്‍ തരിശായി കിടന്ന മരുഭൂമിയില്‍ പടുകൂറ്റന്‍ പന്തലൊരുക്കി.

ലോകത്തിലെ ഏറ്റവും ചിലവേറിയ പാര്‍ട്ടി എന്ന വിശേഷണം നേടിയെടുക്കും വിധം ഗംഭീരമായിരുന്നു പാര്‍ട്ടി. അതിഥികളെ ഉള്‍ക്കൊള്ളാന്‍ മരുഭൂമിയില്‍ കൂടാരങ്ങളുടെ ഒരു നഗരം സൃഷ്ടിച്ചു. ടെന്റുകള്‍ നിര്‍മ്മിക്കാന്‍ പോലും 40 ട്രക്കുകളും 100 വിമാനങ്ങളും ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തു. കാടിന്റെ പ്രതീതി ഉണ്ടാക്കാന്‍ 50,000 പക്ഷികളെ ഇറക്കുമതി ചെയ്തു. എന്നാല്‍ എല്ലാം കടുത്ത ചൂടില്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചത്തുപോയി.

അതിഥി ലിസ്റ്റ് പാര്‍ട്ടിയെ ഒരു അന്താരാഷ്ട്ര പരിപാടിയാക്കി മാറ്റി, 65 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. 18 ടണ്‍ ഭക്ഷണം, 180 വെയിറ്റര്‍മാര്‍, 25,000 വൈന്‍ കുപ്പികള്‍, കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു. ലോകമെമ്പാടുമുള്ള രാജാക്കന്മാര്‍, രാജ്ഞികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെ സന്ദര്‍ശിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.

മൂന്ന് ദിവസത്തെ രാജകീയ ആഘോഷങ്ങള്‍ക്ക് ശേഷം അതിഥികളെല്ലാം പിരിഞ്ഞതോടെ രാജ്യത്ത് ആഭ്യന്തര കലാപം ഉടലെടുത്തു. പാര്‍ട്ടിക്ക് 100 മില്യണ്‍ ഡോളര്‍ ചിലവായതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. വെള്ളം പോലും കിട്ടാതെയും ഭക്ഷണം കഴിക്കാതെയും അതിര്‍ത്തി കളില്‍ താമസിക്കുന്ന ഇറാനിയന്‍ പൊതുജനങ്ങള്‍ ചെലവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഷായോടുള്ള ദേഷ്യം പകയായി വളര്‍ന്നു.

അക്കാലത്തെ ഏറ്റവും സമ്പന്നരില്‍ ഒരാളായ മുഹമ്മദ് റെസ ഷാ അധികാരത്തില്‍ വന്നത് 1941 ലായിരുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റ ആരാധകനായിരുന്ന ഷാ കര്‍ശനമായ ആചാരങ്ങളെ എതിര്‍ക്കുകയും ലിബറല്‍ വീക്ഷണങ്ങള്‍ പുലര്‍ത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളില്‍ മതപണ്ഡിതന്മാര്‍ അതൃപ്തരായിരുന്നു. എന്നാല്‍ ഷായാകട്ടെ തന്റെ നയങ്ങളെ എതിര്‍ക്കുന്നരെ പിടിച്ച് ജയിലിലിട്ടു.

ഈ കാരണം കൊണ്ടു തന്നെ ഷായുടേയും രാജവാഴ്ചയുടേയും എതിരാളികളായ വിമതര്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. രാജാവിനെതിരേ പ്രതിഷേധം കൂടുതല്‍ ശക്തിപ്രാപിച്ചു. 1979 ആയപ്പോഴേക്കും സ്ഥിതി വഷളായതിനാല്‍ ഷായ്ക്ക് കുടുംബത്തോടൊപ്പം സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. ഈ കാലയളവില്‍ ഖൊമേനി ഇറാനിലേക്ക് മടങ്ങി, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ സ്ഥാപിക്കപ്പെട്ടു. ഇസ്ലാമിക നിയമം രാജ്യത്തുടനീളം നടപ്പിലാക്കി, പുതിയ നിയമങ്ങളില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് 74 ചാട്ടയടി മുതല്‍ 16 വര്‍ഷം വരെ തടവ് വരെ കഠിനമായ ശിക്ഷകളും ഉള്‍പ്പെടുന്നു. മതകുറ്റങ്ങള്‍ക്ക് വധശിക്ഷ വരെ നടപ്പാക്കാന്‍ തുടങ്ങി.