Featured Movie News

‘നേരിന് വേണ്ടി ജീത്തുസര്‍ ചെയ്യിപ്പിച്ച സ്‌കെച്ച്’ ; മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്ക് പങ്കുവെച്ച് സേതു

മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് നേര്. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ആദ്യ ഷോ കഴിയുമ്പോള്‍ എല്ലാ കേന്ദ്രങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. വലിയ ഒരിടവേളയ്ക്ക് ശേഷം പഴയ മോഹന്‍ലാലിനെ തിരിച്ചുകിട്ടി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇമോഷണല്‍ കോര്‍ട്ട് റൂം ഡ്രാമയായ ചിത്രത്തില്‍ വിജയമോഹന്‍ എന്ന വക്കീല്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ജീത്തു ജോസഫിന്റെ മനസ്സില്‍ ഉണ്ടായിരുന്ന വിജയമോഹന്റെ രൂപം കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റായ സേതു ശിവാനന്ദന്‍ വരച്ചിരുന്നു. ‘നേരിന് വേണ്ടി ജീത്തു സര്‍ ചെയ്പ്പിച്ച സ്‌കെച്ച്..’,- എന്ന് കുറിച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്ക് സേതു ചിത്രം പങ്കുവെച്ചത്. ‘വൃഷഭ’ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്കിന് പിന്നിലും സേതു ഉണ്ട്.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.