Sports

ഡല്‍ഹി ക്യാപ്പിറ്റല്‍ ആരാധകര്‍ക്ക് സന്തോഷം ; ഋഷഭ് പന്ത് നായകനായി ഐപിഎല്ലില്‍ തിരിച്ചുവരവിന്

കാര്‍ അപകടത്തെ തുടര്‍ന്ന് ക്രിക്കറ്റ് മൈതാനത്ത് നിന്നും അകന്നു നില്‍ക്കുന്ന ഋഷഭ് പന്ത് മടങ്ങിവരവിന്റെ പാതയില്‍. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മടങ്ങിവരാമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ശക്തമായ തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ നായകന്‍. കഴിഞ്ഞദിവസം താരത്തിന്റെ തിരിച്ചുവരവ് വിഷയമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ആരാധകരില്‍ നിന്നും സ്‌നേഹവും അഭിനന്ദനവുമായി വന്‍ പിന്തുണയാണ് താരത്തിന് കിട്ടിയത്. 26 കാരനായ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ 2023 സീസണില്‍ കാര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ ബംഗലുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലാണ്. മാര്‍ച്ച് 22 ന് തുടങ്ങുന്ന ഐപിഎല്‍ പുതിയ സീസണില്‍ ഡല്‍ഹിയുടെ നായകനായി പന്ത് തിരിച്ചെത്തുമെന്നാണ് ആരാധകരും ഫ്രാഞ്ചൈസിയും പ്രതീക്ഷിക്കുന്നത്.

പന്തിന്റെ അഭാവത്തില്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചത് ഡേവിഡ് വാര്‍ണറായിരുന്നു. എന്നാല്‍ ഏറ്റവും താഴെ നിന്നും രണ്ടാമതായിട്ടായിരുന്നു ടീം ഫിനിഷ് ചെയ്തത്. വരുന്ന സീസണില്‍ ആരാധകരുടെ സ്‌നേഹവും പിന്തുണയും വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പന്ത്. ‘കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചെയ്തതിനേക്കാള്‍ മികച്ചതായി എനിക്ക് തോന്നുന്നു. അതിനാല്‍ ഇപ്പോഴും 100 ശതമാനം വീണ്ടെടുക്കുന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍, എനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അത് ചെയ്യുക,” പന്ത് ശുഭാപ്തിവിശ്വാസത്തോടെ വീഡിയോ പങ്കുവെച്ചു.