Good News

ഗാര്‍ഡന്‍ ഷെഡ്ഡില്‍ ഒരു ഫുഡ്ബാങ്ക് തുറന്ന ഐസക് ഇപ്പോള്‍ തുറന്നിരിക്കുന്നത് ‘ഗിഫ്റ്റ് ബാങ്ക്’

കോവിഡ് 19 ലോക്കൗട്ട് സമയത്താണ് ഐസക് വിന്‍ഫീല്‍ഡ് എന്ന പയ്യന്‍ ആദ്യമായി വാര്‍ത്തയില്‍ എത്തിയത്. പയ്യന്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ തന്റെ ഗാര്‍ഡന്‍ ഷെഡ്ഡില്‍ ഒരു ഫുഡ്ബാങ്ക് തുറന്ന ഐസക് ഇപ്പോള്‍ തുറന്നിരിക്കുന്നത് ‘ഗിഫ്റ്റ് ബാങ്കാ’ണ്. പാവപ്പെട്ട കുട്ടികള്‍ക്ക് സമ്മാനം നല്‍കുകയാണ് ലക്ഷ്യം.

ഐസക് വിന്‍ഫീല്‍ഡിന്റെ ദയയുള്ള ഹൃദയത്തെക്കുറിച്ച് ഇതിനകം അനേകം റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. നേരത്തേ തന്റെ ജന്മദിനത്തിന് കിട്ടിയിരുന്ന പണം ഉപയോഗിച്ചായിരുന്നു ഐസക് ഫുഡ്ബാങ്ക് തുടങ്ങിയത്. തന്റെ കമ്മ്യൂണിറ്റിയില്‍ എത്രപേര്‍ക്ക് സഹായഹസ്തം ആവശ്യമാണെന്ന് മനസ്സിലാക്കിയതിന് ശേഷം അദ്ദേഹം തന്റെ ജന്മനാടായ വോര്‍സെസ്റ്റര്‍ഷെയറിലെ റെഡ്ഡിച്ചില്‍ അധിക ഭക്ഷ്യ ബാങ്കുകള്‍ തുറന്നത്. ഇപ്പോള്‍, അഞ്ചാമത്തെ ഫുഡ്ബാങ്കായി മാറിയിരിക്കുകയാണ്.

ഡിസംബര്‍ ഐസക്കിന് വലിയ മാസമാണ്. ഇത് അദ്ദേഹത്തിന്റെ ജന്മദിന മാസമാണ്. ഫുഡ് ബാങ്ക് ആരംഭിച്ചതിന്റെ വാര്‍ഷികവും അതിനൊപ്പം ക്രിസ്മസുമാണ്. ഈ സാഹചര്യത്തിലാണ് ഫുഡ്ബാങ്കിന് പുറമേ ഗിഫ്റ്റ്ബാങ്കും തുടങ്ങിയിരിക്കുന്നത്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് ‘ഗിഫ്റ്റ് ബാങ്ക്’ തുറന്നിരിക്കുന്നത്. ‘ഗിഫ്റ്റ് ബാങ്ക്’ ആരംഭിച്ചത് ചൊവ്വാഴ്ചയാണ്.

ദാതാക്കളില്‍ നിന്ന് ലഭിച്ച നൂറുകണക്കിന് കളിപ്പാട്ടങ്ങളും നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള സമ്മാനങ്ങളും സംഭരിക്കുന്നതിന് പ്രാദേശിക ഗ്രീന്‍ലാന്‍ഡ് പബ്ബിന്റെ സഹായം തേടിയിരുന്നു. അഞ്ചാമത്തെ ഫുഡ്ബാങ്ക് ബുധനാഴ്ചയാണ് ആരംഭിച്ചത്. സംഭാവന ചെയ്യാന്‍ കളിപ്പാട്ടങ്ങളോ ഭക്ഷണമോ ഉള്ള ആര്‍ക്കും ഫേസ്ബുക്കിലെ ഫ്രണ്ട്‌സ് ഓഫ് ഐസക്ക് ഫുഡ് ബാങ്ക് പേജില്‍ എല്ലാ ലിങ്കുകളും കണ്ടെത്താനാകും.