Hollywood

ഹോളിവുഡ് സൂപ്പര്‍താരം ഒ നീല്‍ അന്തരിച്ചു; പ്രശസ്തിയും വിവാദവും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്ത ജീവിതം

വാട്ട്‌സ് അപ്പ്, ഡോക്? തുടങ്ങിയ 1970കളിലെ അവിസ്മരണീയമായ സിനിമകളില്‍ അഭിനയിച്ച ലവ് സ്റ്റോറി നടന്‍ റയാന്‍ ഒ നീല്‍ അന്തരിച്ചു. അദ്ദേഹത്തിന് 82 വയസ്സായിരുന്നു. മകന്‍ പാട്രിക് ഒ നീല്‍ ആണ് അദ്ദേഹത്തിന്റെ മരണം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 2001 ല്‍ രക്താര്‍ബുദം സ്ഥിരീകരിച്ച അദ്ദേഹത്തിന് 2012 ല്‍ സ്റ്റേജ് 4 പ്രോസ്റ്റേറ്റ് ക്യാന്‍സറും കണ്ടെത്തി. വര്‍ഷങ്ങളോളം തന്റെ തലമുറയിലെ ഏറ്റവും മാര്‍ക്കറ്റുണ്ടായിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു ഓ’നീല്‍. ബാര്‍ബ്ര സ്ട്രീസാന്‍ഡ്, അലി മാക്‌ഗ്രോ, മകള്‍ ടാറ്റം തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പം സിനിമയില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം പീറ്റര്‍ ബോഗ്ഡനോവിച്ച്, റിച്ചാര്‍ഡ് ആറ്റന്‍ബറോ, സ്റ്റാന്‍ലി കുബ്രിക്ക് തുടങ്ങി ഹോളിവുഡിലെ ഏറ്റവും മികച്ച സംവിധായകര്‍ക്കായും പ്രവര്‍ത്തിച്ചു.

പ്രശസ്തിയും കുപ്രസിദ്ധിയും ഒരുപോലെ നേരിട്ട അദ്ദേഹത്തിന്റെ ഉയര്‍ന്ന പ്രൊഫൈലും ദീര്‍ഘകാല പ്രണയവും ഫറാ ഫോസെറ്റുമായുള്ള വേര്‍പിരിയലും മക്കളുമായുള്ള കലഹങ്ങളെേുല്ലാം അസംഖ്യം തലക്കെട്ടുകള്‍ക്ക് കാരണമായി. ലഹരിവസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും നിരന്തരം അദ്ദേഹത്തെ തലക്കെട്ടുകള്‍ക്ക് ഇരയാക്കി. അദ്ദേഹത്തിന്റെ വിവാഹങ്ങളും വിവാഹേതര ബന്ധങ്ങളും വിവാദമുണ്ടാക്കി. നടി ജോന്ന മൂറുമായുള്ള ആദ്യ വിവാഹം, നടി ലീ ടെയ്‌ലര്‍-യംഗുമായുള്ള രണ്ടാമത്തെ വിവാഹം ഇതിനെല്ലാം പുറമേ ഫോസെറ്റുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം പ്രക്ഷുബ്ധമാവുകയും പലപ്പോഴും അക്രമത്തില്‍ കലാശിക്കുകയും ചെയ്തു.

1941 ഏപ്രില്‍ 20 ന് ലോസ് ഏഞ്ചല്‍സിലെ ഒരു ഷോബിസ് കുടുംബത്തില്‍ ജനിച്ച പാട്രിക് റയാന്‍ ഓ നീല്‍, എഴുത്തുകാരന്‍ ചാള്‍സ് ‘ബ്ലാക്കി’ ഒ നീലിന്റെയും നടി പട്രീഷ്യ ഒ’കല്ലഗന്റെയും മകനായിരുന്നു. ഒരു പ്രൊഫഷണല്‍ ബോക്‌സറാകാന്‍ ആദ്യം കുടുംബ ബിസിനസ്സ് നിരസിച്ച ഓ’നീല്‍ 1956 ലും 1957 ലും ലോസ് ഏഞ്ചല്‍സില്‍ നടന്ന രണ്ട് ഗോള്‍ഡന്‍ ഗ്ലൗസ് ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിച്ചു, 13 നോക്കൗട്ടുകളോടെ 18-4 എന്ന യോഗ്യമായ അമച്വര്‍ പോരാട്ട റെക്കോര്‍ഡ് നേടുകയും ചെയ്തു. അതിന് ശേഷമായിരുന്നു സിനിമാ പ്രവേശനം.മിയ ഫാരോയ്‌ക്കൊപ്പം അഭിനയിച്ച 1960-കളിലെ രാത്രികാല സോപ്പ് പേട്ടണ്‍ പ്ലേസിലാണ് ഓ’നീല്‍ ആദ്യമായി പൊതുശ്രദ്ധയില്‍ വരുന്നത്, 1970 ല്‍ വന്‍ ജനപ്രീതിയാര്‍ജ്ജിച്ച വീപ്പര്‍ ലവ് സ്റ്റോറി അദ്ദേഹത്തിന് വലിയ ജനപ്രീതി നല്‍കി.

ബോഗ്ഡനോവിച്ചിന്റെ ക്ലാസിക് 1973 ഡിപ്രഷന്‍ കാലഘട്ടത്തിലെ കോമഡി പേപ്പര്‍ മൂണില്‍ കാനും ഒനീലും അണിനിരന്നു. ഈ സിനിമ ഒനീലിന്റെ മകള്‍ ലിറ്റില്‍ ടാറ്റമിനെ ഒരു താരമാക്കി, പ്രകടനം ഓസ്‌കാര്‍ ജേതാവായ ഏറ്റവും പ്രായം കുറഞ്ഞ താരമായി ടാറ്റമിനെ മാറ്റി. പിന്നീട് ഇരുവരും തമ്മിലുള്ള കലഹവും നിയമപോരാട്ടവുമെല്ലാം താരത്തെ വിവാദത്തിലാക്കി. 2011 ലായിരുന്നു ടാറ്റവുമായുള്ള പ്രശ്നം പരിഹരിച്ചത്. ഇതിനിടയില്‍ രണ്ടു ആണ്‍മക്കള്‍ മയക്കുമരുന്നു കേസിലും ജയിലിലായി. പിന്നീടായിരുന്നു അദ്ദേഹം വിവിധ തരത്തില്‍ രോഗാതുരനായി മാറിയത്.