Oddly News

കുടിവെള്ളത്തിനൊപ്പം ജീവനുള്ള തേനീച്ചയെ വിഴുങ്ങി; യുവ കര്‍ഷകന്‍ ശ്വാസംമുട്ടി മരിച്ചു

ഭോപ്പാല്‍: കുടിവെള്ളത്തിനൊപ്പം ജീവനുള്ള തേനീച്ചയെ വിഴുങ്ങിയ യുവ കര്‍ഷകന്‍ ശ്വാസംമുട്ടി മരിച്ചു. ഭോപ്പാലിലെ ബെരാസിയയില്‍ ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. ബരസിയയിലെ മാന്‍പുര ചാക്ക് ഗ്രാമത്തിലെ കര്‍ഷകനായ ഹീരേന്ദ്ര സിംഗ് എന്നയാളാണ് മരണമടഞ്ഞത്. തേനീച്ച ഇയാളുടെ നാവിലും അന്നനാളത്തിലും കുത്തിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടല്‍ ഉണ്ടാകുകയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.

ബുധനാഴ്ച രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ ഹീരേന്ദ്ര വെള്ളമെടുത്തു കുടിച്ചു. വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഇരുട്ടത്ത് വെള്ളത്തില്‍ കിടന്ന തേനീച്ചയെ ഇയാള്‍ കണ്ടതുമില്ല. വെള്ളംകുടിക്കുന്ന കൂട്ടത്തില്‍ ജീവനുള്ള തേനീച്ചയേയും വിഴുങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ യുവാവിന് ശ്വാസതടസ്സം നേരിട്ടതോടെ സഹോദരന്‍ മല്‍ഖാന്‍ സിംഗും ഹീരേന്ദ്രയുടെ മുതലാളിയായ ഹിമ്മത്ത് സിംഗ് ധക്കാടും ചേര്‍ന്ന് പെട്ടെന്ന് ബെരസിയയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് ഹമീദിയ ഹോസ്പിറ്റലിലേക്ക് വിടുകയും ചെയ്തു. ഇവിടെ എത്തിച്ച് ചികിത്സ നടക്കുന്നതിനിടയില്‍ ഹീരേന്ദ്ര മരണത്തിന് കീഴടങ്ങി.

അതിന് തൊട്ടു മുമ്പ് ഇയാള്‍ ഛര്‍ദ്ദിക്കുകയും അതിലൂടെ തേനീച്ച പുറത്തു പോകുകയും ചെയതതായി മില്‍ഖാന്‍ സിംഗ് പോലീസിനോട് പറഞ്ഞു.ബരസിയ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആന്തരീകാവയവങ്ങളില്‍ തേനീച്ച കുത്തിയതിനെ തുടര്‍ന്നാണ് ശ്വാസംമുട്ടി മരിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.