തമിഴ്സിനിമയില്‍ എത്തിയ ആദ്യ അന്താരാഷ്ട്ര നായിക ബ്രിട്ടീഷുകാരി എമി ജാക്സണായിരുന്നു. തമിഴിലും തെലുങ്കിലുമായി അനേകം ആരാധകരെ സ്വന്തമാക്കിയ അവര്‍ക്ക് പിന്നാലെ മറ്റൊരു വിദേശ നടി കൂടി തമിഴ്സിനിമയില്‍ കാലുറപ്പിക്കുന്നു. ഇന്തോ-ഓസ്ട്രേലിയന്‍ നടി ചന്ദ്രികയാണ് പുതിയതായി കോളിവുഡ് സിനിമയിലേക്ക് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ മാദക നായികയുടെ ജീവിതം പറയുന്ന തമിഴ് സിനിമയിലേക്കാണ് നടിയെത്തുന്നത്.
ഓസ്ട്രേലിയന്‍ നടിയും മോഡലും നര്‍ത്തകിയുമൊക്കെയായ ചന്ദ്രിക ഇന്ത്യന്‍ വംശജയാണ്. ഓസ്ട്രേലിയയില്‍ ജനിച്ചു വളര്‍ന്ന നടി അഭിനയവും മോഡലിംഗും ചെയ്തത് ലോസ് ഏഞ്ചല്‍സില്‍ ആയിരുന്നു. 2018 ല്‍ പുറത്തുവന്ന ഇരുട്ട് അറയില്‍ മുരട്ടു കുത്ത് എന്ന സിനിമയിലെ വേഷത്തില്‍ പ്രശസ്തയാണ് നടി. ഇതിന് പിന്നാലെ തെലുങ്ക് ആക്ഷന്‍ ഡ്രാമ വീര സിംഹ റെഡ്ഡിയിലും അഭിനയിച്ച താരം മാ ബാവ മനോ ഭാവുലുവിലും അഭിനയിച്ച ശേഷമാണ് തമിഴില്‍ തിരിച്ചെത്തുന്നത്.
സിനിമയിലെ നായിക സില്‍ക്ക്സ്മിതയുടെ ബയോപിക്കിലാണ് നടി നായികയാകാന്‍ എത്തുന്നത്. തമിഴില്‍ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജയറാമാണ്. നേരത്തെ, സംവിധായകന് മിലന് ലുത്രിയയുടെ സിനിമ ദി ഡേര്‍ട്ടി പിക്ചറും പറഞ്ഞത് സില്‍ക്ക്സ്മിതയുടെ ജീവിതമായിരുന്നു. നടിയുടെ ഉയര്‍ച്ച താഴ്ചകള്‍ പകര്‍ത്തിയ സിനിമയിലെ നായിക വിദ്യാബാലനായിരുന്നു.
2012 ല്‍ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളില്‍ പുറത്തുവന്ന സിനിമ സില്‍ക്ക് സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ 2 നായിരുന്നു ലോകമെമ്പാടും റിലീസ് ചെയ്തത്. വിദ്യാ ബാലന്, ഇമ്രാന് ഹാഷ്മി, നസീറുദ്ദീന്‍ ഷാ, തുഷാര്‍ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു. ചിത്രം ബോക്സോഫീസില്‍ വമ്പന്‍ ഹിറ്റായിരുന്നു. 117 കോടിയാണ് ഇത് നേടിയത്.