Sports

ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സഞ്ജുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി; പക്ഷേ കേരളം തോറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ കേരളത്തിന് വേണ്ടി നായകന്‍ സഞ്ജു സാംസന്റെ വെടിക്കെട്ട്. വിജയ് ഹസാരേ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തില്‍ റെയില്‍വേയ്ക്ക് എതിരേ സഞ്ജു ഉജ്വല സെഞ്ച്വറി നേടിയെങ്കിലും ടീം 18 റണ്‍സിന് തോല്‍വി നേരിട്ടു. ചൊവ്വാഴ്ച ബെംഗളൂരു കിനി സ്പോര്‍ട്സ് അരീന ഗ്രൗണ്ടില്‍ റെയില്‍വേയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫി 2023 ലെ ഗ്രൂപ്പ് എയിലെ റൗണ്ട് 7 മത്സരത്തിലായിരുന്നു കേരള ക്യാപ്റ്റന്റെ തകര്‍പ്പന്‍ ബാറ്റിംഗ്.

139 പന്തുകളില്‍ സാംസണ്‍ 128 റണ്‍സ് എടുത്താണ് സഞ്ജു പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 255 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നിലേക്ക് വെച്ചത്. കേരളത്തിന്റെ മറുപടി 238 ല്‍ ഒതുങ്ങി. സാധാരണ അടിച്ചു തകര്‍ക്കാറുള്ള സഞ്ജു ഇത്തവണ സാവധാനം ശ്രദ്ധയോടെയാണ് കളിച്ചത്. സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു ഉണ്ടായിരുന്നത്. അര്‍ദ്ധശതകം നേടിയ ശ്രേയസ് ഗോപാലിനൊപ്പം മികച്ച കൂട്ടുകെട്ട് കണ്ടെത്തിയ കേരള നായകന് പക്ഷേ ടീമിനെ വിജയിപ്പിക്കാനായില്ല.

ആര്‍എ ശര്‍മ്മയുടെ പന്തില്‍ പ്രാതം സിംഗ് പിടിച്ച് സഞ്ജു പുറത്തായ ശേഷം കേരള ബാറ്റിംഗ് ചീട്ടുകൊട്ടാരം പോലെ വീണുപോയി. 59 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായ ഇടത്ത് നിന്നുമായിരുന്നു സഞ്ജുവിന്റെ വെടിക്കെട്ട് ടീമിനെ രക്ഷിച്ചുകൊണ്ടു പോയത്. ഇവര്‍ ഇരുവരും ഒഴിച്ചാല്‍ ടീമില്‍ ആരും രണ്ടക്കം പോലും കടക്കാനായില്ല. 2023 ലോകകപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമില്‍ സാംസണ്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഈ മാസം അവസാനം നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തില്‍ സാംസണ്‍ പങ്കെടുക്കും.