Lifestyle

‘ബിയർ പോലെ സ്വന്തം മൂത്രം സിപ്പ് ചെയ്ത് കുടിച്ചു! വെളിപ്പെടുത്തലുമായി പരേഷ് റാവൽ!

കാൽമുട്ടിനേറ്റ ഗുരുതരമായ പരുക്ക് വേഗത്തിൽ ഭേദമാകാൻ സ്വന്തം മൂത്രം കുടിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടൻ പരേഷ് റാവൽ. 1996-ൽ പുറത്തിറങ്ങിയ സണ്ണി ഡിയോൾ ചിത്രമായ ‘ഘതകിന്റെ’ ഷൂട്ടിങ്ങിനിടെ കാൽ വഴുതി വീണാണ് താരത്തിന് ഗുരുതരമായി പരുക്കേറ്റത്. ഉടൻ തന്നെ സഹപ്രവർത്തകർ അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ അഭിനയജീവിതം തന്നെ അവസാനിക്കുമെന്ന് ഭയന്നിരുന്ന ആ കാലഘട്ടത്തെക്കുറിച്ചാണ് താരം ഇപ്പോൾ തുറന്നുപറഞ്ഞിരിക്കുന്നത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ പ്രശസ്ത ആക്ഷൻ ഡയറക്ടറും നടൻ അജയ് ദേവ്ഗണിന്റെ പിതാവുമായ അന്തരിച്ച വീരു ദേവ്ഗൺ പരേഷ് റാവലിനെ കാണാൻ എത്തിയിരുന്നു. പരുക്കിനെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹമാണ് വിചിത്രമായ ഈ മാർഗ്ഗം നിർദ്ദേശിച്ചത്. രാവിലെ ഉണർന്ന ഉടൻ സ്വന്തം മൂത്രം കുടിക്കണമെന്നും എല്ലാ ഫൈറ്റർമാരും ഇത് ചെയ്യാറുണ്ടെന്നും യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നുമായിരുന്നു വീരു ദേവ്ഗണിന്റെ ഉപദേശം. ഇതിനൊപ്പം മദ്യം, പുകയില, മാംസാഹാരം എന്നിവ ഒഴിവാക്കാനും അദ്ദേഹം നിർദ്ദേശിച്ചു.

ആദ്യമൊക്കെ അല്പം പ്രയാസം തോന്നിയെങ്കിലും എത്രയും വേഗം സുഖം പ്രാപിക്കാൻ താൻ എന്തിനും തയ്യാറായിരുന്നുവെന്ന് പരേഷ് റാവൽ വ്യക്തമാക്കുന്നു. ഒറ്റയടിക്ക് വിഴുങ്ങുന്നതിന് പകരം, ബിയർ കുടിക്കുന്നതുപോലെ സാവധാനത്തിലാണ് താൻ ഇത് കുടിച്ചതെന്നും ചെയ്യുന്ന കാര്യം കൃത്യമായി ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും താരം പറഞ്ഞു. തുടർച്ചയായി 15 ദിവസം ഈ രീതി തുടർന്നു. ഇതിനുശേഷം എക്സ്-റേ എടുത്തു നോക്കിയപ്പോൾ ഡോക്ടർമാർ പോലും ഞെട്ടിപ്പോയെന്നാണ് താരം പറയുന്നത്.

പരുക്ക് പൂർണ്ണമായി ഭേദമാകാൻ സാധാരണയായി രണ്ടര മാസമെങ്കിലും എടുക്കുമെന്നാണ് ഡോക്ടർമാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ 15 ദിവസത്തെ ഈ പരീക്ഷണത്തിന് ശേഷം എക്സ്-റേ പരിശോധിച്ച ഡോക്ടർമാർ ഇത് എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ച് അദ്ഭുതപ്പെട്ടു. രണ്ടര മാസം കൊണ്ട് ഭേദമാകുമെന്ന് കരുതിയ പരുക്ക് ഒന്നര മാസം കൊണ്ട് മാറിയെന്നും തനിക്ക് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്താൻ കഴിഞ്ഞെന്നും പരേഷ് റാവൽ കൂട്ടിച്ചേർത്തു.

അതേസമയം, ഇത്തരം ചികിത്സകൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ശരീരം പുറന്തള്ളുന്ന മാലിന്യങ്ങൾ വീണ്ടും ഉള്ളിലേക്ക് എടുക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. മൂത്രം അണുവിമുക്തമാണെന്ന ധാരണ വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നുണ്ട്.

(ഇത് പരേഷ് റാവലിന്റെ വ്യക്തിപരമായ അനുഭവം മാത്രമാണ്. മൂത്രം കുടിക്കുന്നത് ഒന്നിനും ചികിത്സയല്ല; ശാസ്ത്രീയമായി തെളിയിക്കപ്പെട്ട രീതിയല്ല)