Celebrity

എന്റെ അമ്മക്കിളി ; അവസാന ശ്വാസം വരെ കലയാണ് അമ്മയെ മുന്നോട്ടു നയിച്ചത്, താര കല്യാണ്‍

മലയാളികളുടെ സുന്ദരി മുത്തശ്ശി നടി സുബ്ബലക്ഷ്മിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്.

താരത്തിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ നേര്‍ന്നു കൊണ്ട് സിനിമാലോകത്തുള്ളവരെല്ലാം എത്തിയിരുന്നു. മണിയന്‍പിള്ള രാജു, കൃഷ്ണകുമാര്‍, നിര്‍മാതാവ് രഞ്ജിത്ത് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അമ്മ കൂടി പോയതോടെ താന്‍ അനാഥയായി എന്നാണ് താരകല്യാണ്‍ സോഷ്യല്‍ മീഡിയയില്‍ അമ്മയുടെ വിയോഗത്തെ കുറിച്ച് കുറിച്ചത്. അമ്മയും മകളും എന്നതിലുപരി സുഹൃത്തുക്കളെ പോലെയായിരുന്നു താര കല്യാണും സുബ്ബലക്ഷ്മിയും ഇരുവരും ഒരുമിച്ചുള്ള ആഘോഷങ്ങളുടെ വീഡിയോകള്‍ നിരവധി സ്വന്തം യുട്യൂബ് ചാനലിലൂടെ താര കല്യാണ്‍ പലപ്പോഴായി പങ്കുവെച്ചിരുന്നു.

അമ്മയുടെ വിയോഗവേളയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചവര്‍ക്കെല്ലാം നന്ദി പറയുകയാണ് താര കല്യാണ്‍. സുബ്ബലക്ഷ്മിയുടെ ചെറുപ്പക്കാലത്തു നിന്നുള്ളൊരു ചിത്രവും താര പങ്കുവച്ചിട്ടുണ്ട്. ‘എന്റെ അമ്മക്കിളി ചെറുപ്പകാലത്ത് പാടുന്നു….. അവസാന ശ്വാസം വരെ കലയാണ് അമ്മയെ മുന്നോട്ടു നയിച്ചത്. നിങ്ങളുടെ മകള്‍ ആയതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. അമ്മയ്ക്ക് എന്നും അംഗീകാരം വേണമായിരുന്നു, ഇന്നലെ അതിന്റെ പെരുമഴയായിരുന്നു! എല്ലായിടത്തും എല്ലാവരും അമ്മയോട് സ്‌നേഹവും ബഹുമാനവും കാണിച്ചു. എന്റെ അമ്മയ്ക്ക് അവിസ്മരണീയമായ ഒരു യാത്രയയപ്പ് നല്‍കിയതിന് എല്ലാവര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി നന്ദി.’- താര കല്യാണ്‍ കുറിയ്ക്കുന്നു.

മകള്‍ താരാകല്യാണിനൊപ്പം ടെലിവിഷന്‍ പരമ്പരയുടെ ചിത്രീകരണ സെറ്റില്‍ എത്തിയപ്പോള്‍ നടന്‍ സിദ്ധിക്കിനെ സുബ്ബലക്ഷ്മിയെ പരിചയപ്പെട്ടു. സിദ്ധിക്ക് വഴിയാണ് ‘നന്ദനം’ സിനിമയിലേക്ക് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ഹാസ്യരസപ്രധാനമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കല്യാണരാമന്‍, പാണ്ടിപ്പട, നന്ദനം, രാപ്പകല്‍ എന്നിവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന ചിത്രത്തിലെ ഗാനം ആലപിച്ച് ചലച്ചിത്ര പിന്നണി ഗാനരംഗത്തും തുടക്കമിട്ടിരുന്നു. അകാലത്തില്‍ അന്തരിച്ച യുവതാരം സുശാന്ത് സിങ് രജ്പുത് നായകനായ ‘ദില്‍ ബെച്ചാര’ എന്ന ചിത്രത്തിലൂടെ സുബ്ബലക്ഷ്മിയമ്മ ബോളിവുഡിലും അഭിനയിച്ചു.