Sports

എ ടീമിലേക്ക് തള്ളിയവര്‍ക്ക് സെഞ്ച്വറിയോടെ ദേവ്ദത്ത് പടിക്കലിന്റെ മറുപടി, ഒപ്പം പൂജാരയും

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുളള ടെസ്റ്റ് ടീമില്‍ നിന്നും തന്നെ തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ അര്‍ദ്ധശതകം നേടി തേജേശ്വര്‍ പൂജാരയുടെ മറുപടി. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്ക് എതിരേ സൗരാഷ്ട്രയ്ക്ക് വേണ്ടിയായിരുന്നു ചേതേശ്വര്‍ പൂജാരയുടെ മറുപടി. അതേസമയം ടെസ്റ്റ് ടീമില്‍ നിന്നും പൂജാരയ്‌ക്കൊപ്പം തഴഞ്ഞ അജിങ്ക്യാരഹാനേ വേഗത്തില്‍ പുറത്തായി.

അതേസമയം ഇന്ത്യന്‍ എ ടീമിലേക്ക് തട്ടിയ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടിയാണ് മറുപടി നല്‍കിയത്. ചണ്ഡീഗഡിനെതിരേ കര്‍ണാടക 22 റണ്‍സ് ജയം നേടിയ മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ 103 പന്തുകളില്‍ 114 റണ്‍സാണ് അടിച്ചു കൂട്ടിയത്. ദേവ്ദത്ത് പടിക്കലിന്റെ മികവില്‍ കര്‍ണാകട ആറിന് 299 റണ്‍സാണ് അടിച്ചു കൂട്ടിയത്. എന്നാല്‍ ചണ്ഡീഗഡ് 277 ന് പുറത്താകുകയായിരുന്നു. ഏകദിന ടീമില്‍ ഉള്‍പ്പെട്ട സഞ്ജുവിന് കേരളത്തിന് വേണ്ടി ബാറ്റ് പോലും ചെയ്യേണ്ടി വന്നില്ല. സിക്കിമിനെ 84 റണ്‍സിന് എറിഞ്ഞിട്ട കേരളം നാലുവിക്കറ്റിന് കളി ജയിച്ചു കയറുകയായിരുന്നു.

മത്സരത്തില്‍ മുംബൈ 92 പന്തുകള്‍ ശേഷിക്കെ അഞ്ചുവിക്കറ്റിന് വിജയം നേടിയെങ്കിലും സൗരാഷ്ട്രയ്ക്കായി പൂജാരയുടെ ബാറ്റിംഗായിരുന്നു നിര്‍ണ്ണായകമായത്. 114 പന്തുകള്‍ നേരിട്ട പൂജാര 55 റണ്‍സ് എടുത്തു. അഞ്ചു ബൗണ്ടറികളും ഒരു സിക്‌സും പറത്തി. സൗരാഷ്ട്ര അടിച്ച 144 റണ്‍സില്‍ പൂജാരയുടെ അര്‍ദ്ധശതകമായിരുന്നു ടോപ് സ്‌കോര്‍. മറുവശത്ത് മുംബൈയുടെ നായകനായിരുന്ന അജിങ്ക്യാ രഹാനേ 12 റണ്‍സിന് പുറത്തായി. 20 പന്തുകളാണ് താരം നേരിട്ടത്. ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് സ്‌പെഷ്യലുകളായി അറിയപ്പെടുന്ന രണ്ടുപേരെയും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.