Oddly News

ഇവനൊക്കെ എന്താ? പടി കയറിയെത്തി വികലാംഗനായ ഡെലിവറി ബോയി, ഓർഡർ ക്യാൻസൽ ചെയ്ത് ഉപഭോക്താവ്!; ഇന്റർനെറ്റിൽ വൻ രോഷം- വീഡിയോ

തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ, ലിഫ്റ്റില്ലാത്ത കെട്ടിടത്തിന്റെ പടികൾ കയറി വാതിൽപ്പടിയിൽ ഭക്ഷണം എത്തിച്ചു നൽകിയിട്ടും ഓർഡർ റദ്ദാക്കിയ ഉപഭോക്താവിന്റെ ക്രൂരത വെളിപ്പെടുത്തി ഭിന്നശേഷിക്കാരനായ സൊമാറ്റോ ഡെലിവറി ഏജന്റ്. ഓൺലൈനിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ ദാരുണമായ അനുഭവം പങ്കുവെച്ചത്.

കെട്ടിടത്തിൽ ലിഫ്റ്റ് ഇല്ലാത്തതിനാൽ മുകളിലേക്ക് കയറാൻ സാധിക്കില്ലെന്നും താഴേക്ക് വരാമോ എന്നും ഉപഭോക്താവിനോട് അഭ്യർത്ഥിച്ചതായി ഡെലിവറി ഏജന്റ് പറയുന്നു. എന്നാൽ ഉപഭോക്താവ് താഴേക്ക് വരാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന്, കഷ്ടപ്പെട്ട് പടികൾ കയറി രണ്ടാം നിലയിലെ വീട്ടിലെത്തിച്ചെങ്കിലും അവർ ഓർഡർ ക്യാൻസൽ ചെയ്യുകയായിരുന്നു.

‘@Nihir_Rider’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ അദ്ദേഹം പറയുന്നു: “എനിക്കൊരു ഓർഡർ ലഭിച്ചു. ഞാൻ ഉപഭോക്താവിനെ വിളിച്ച് എനിക്ക് വൈകല്യമുള്ളതിനാൽ മുകളിലേക്ക് വരാൻ കഴിയില്ലെന്ന് പറഞ്ഞു. എന്നാൽ ’50 രൂപയുടെ മാഗിക്ക് വേണ്ടി ഞാൻ നിനക്കായി താഴേക്ക് വരണോ?’ എന്നായിരുന്നു അവരുടെ ചോദ്യം. അവിടെ ലിഫ്റ്റുമില്ല, എനിക്ക് രണ്ടാം നിലയിൽ എത്തുകയും വേണം. എന്തായാലും ശ്രമിക്കാം എന്ന് കരുതി ഞാൻ രണ്ടാം നിലയിലേക്ക് നടന്നു കയറി.”

പടികൾ കയറി വീട്ടിലെത്തുന്നതും തുടർന്ന് ‘ഓർഡർ ക്യാൻസൽ ചെയ്തു’ എന്ന സന്ദേശം ഫോൺ സ്ക്രീനിൽ കാണിക്കുന്നതും വീഡിയോയിലുണ്ട്. കഷ്ടപ്പെട്ട് വാതിൽപ്പടി വരെ ഭക്ഷണം എത്തിച്ചിട്ടും അവർ ഓർഡർ റദ്ദാക്കുകയായിരുന്നുവെന്ന് അദ്ദേഹം സങ്കടത്തോടെ പറയുന്നു.

സമൂഹമാധ്യമങ്ങളിൽ വൻ അമർഷത്തിനാണ് ഈ വീഡിയോ വഴിവെച്ചിരിക്കുന്നത്. ഇതിനകം 2 കോടിയിലധികം ആളുകൾ കണ്ട വീഡിയോയ്ക്ക് ലക്ഷക്കണക്കിന് ലൈക്കുകളും പതിനായിരക്കണക്കിന് കമന്റുകളും ലഭിച്ചു. ഉപഭോക്താവിന്റെ മനുഷ്യത്വമില്ലാത്ത പെരുമാറ്റത്തെ വിമർശിച്ചും ഡെലിവറി ഏജന്റിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

അതേസമയം, വീഡിയോ ചിത്രീകരിച്ച വ്യക്തി എന്തുകൊണ്ട് സഹായിച്ചില്ല എന്ന് ചോദിച്ച് ചിലർ രംഗത്തെത്തിയപ്പോൾ, ഡെലിവറി ജീവനക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ പൊതുജന ശ്രദ്ധയിൽ പെടുത്താനാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചതെന്ന് മറ്റ് ചിലർ വ്യക്തമാക്കി.