തിരുവനന്തപുരം: സൈനികരെ അവഹേളിച്ചെന്ന പരാതിയിൽ സംവിധായകനും യൂട്യൂബറുമായ ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു. ‘അനന്തപുരി സോൾജിയേഴ്സ്’ എന്ന സൈനിക കൂട്ടായ്മയുടെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചതിനാണ് ഈ നടപടി.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ്, സംവിധായകൻ മേജർ രവിയെ അധിക്ഷേപിച്ചത് ചൂണ്ടിക്കാട്ടിയാണ് കൂട്ടായ്മ പരാതി നൽകിയത്. ദിനേശിന്റെ പരാമർശങ്ങൾ സൈനികരെ ഒന്നാകെ അവഹേളിക്കുന്നതാണെന്നാണ് ഇതിലെ പ്രധാന ആരോപണം. “വിരമിച്ച സൈനികർക്ക് പട്ടിയുടെ വിലയുണ്ടോ” എന്ന് അദ്ദേഹം അഭിമുഖത്തിൽ ചോദിച്ചതാണ് വൻ വിവാദത്തിന് വഴിതുറന്നത്.
കേസിലെ ഒന്നാം പ്രതി ശാന്തിവിള ദിനേശും രണ്ടാം പ്രതി പരാമർശം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുമാണ്. ശാന്തിവിള ദിനേശിന്റെ ഈ പരാമർശത്തിനെതിരെ വിരമിച്ച സൈനികരുടെ കൂട്ടായ്മ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുമെന്ന് മേജർ രവി മുൻപ് വ്യക്തമാക്കിയിരുന്നു.
അതിനിടെ ‘പെന്‍ഷനായ ഈ പട്ടാളക്കാരന് (മേജര്‍ രവി) പട്ടിയുടെ വിലപോലും ഞാന്‍ നല്‍കില്ലെന്നാണ് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ ‘ഈ’ എന്ന അക്ഷരം ആവേശത്തില്‍ വിട്ടുപോയെന്നും ശാന്തിവിള ദിനേശ് തന്റെ പുതിയ വീഡിയോയില്‍ പറയുന്നു. ഞാന്‍ പറഞ്ഞ ഏതെങ്കിലും വാക്കുകള്‍ വിരമിച്ച ഏതെങ്കിലും സൈനികനെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതിന് നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും ദിനേശ് തന്റെ വീഡിയോയില്‍ പറയുന്നു. എന്നാല്‍ മേജര്‍ രവിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഈ വീഡിയോയിലും ധാരാളമുണ്ട്.




