Crime

ഗെയിം കളിച്ച് 5 ലക്ഷം കടമായി! 17കാരന്റെ ‘കിഡ്നാപ്’ നാടകം; കാമുകിയുടെ വീട്ടില്‍ നിന്ന് പൊക്കി പൊലീസ്

ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്ന് ഉണ്ടായ കടബാധ്യത തീര്‍ക്കാന്‍ സ്വന്തം തട്ടിക്കൊണ്ടുപോകലും മരണവും വ്യാജമായി ചിത്രീകരിച്ച് പിതാവില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പതിനേഴുകാരന്‍ ലക്നൗവില്‍ പിടിയിലായി. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥിയാണ് കുടുംബത്തെ ഭയപ്പെടുത്തി അഞ്ചു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. മകന്റെ ജീവന് അപകടമുണ്ടെന്ന് കരുതി പിതാവ് മൂന്നു ലക്ഷം രൂപയോളം സമാഹരിച്ചെങ്കിലും പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തില്‍ തട്ടിപ്പ് വെളിച്ചത്താവുകയായിരുന്നു. ഒടുവില്‍ ഗേള്‍ഫ്രണ്ടിന്റെ വസതിയില്‍ നിന്നാണ് കൗമാരക്കാരനെ പൊലീസ് സംഘം കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാകുന്നത്. ഇതേത്തുടര്‍ന്ന് മാതാവ് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ കമ്പനിയിലാണ് കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ ഫോണിലെ സിം കാര്‍ഡ് ഊരിമാറ്റിയ കുട്ടി, വൈഫൈ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വാട്‌സാപ്പിലൂടെ മാതാപിതാക്കള്‍ക്കും അമ്മാവനും സന്ദേശങ്ങള്‍ അയച്ചത്. ശബ്ദം മാറ്റി റെക്കോര്‍ഡ് ചെയ്ത വോയ്‌സ് നോട്ടിലൂടെയാണ് ത തട്ടിക്കൊണ്ടുപോയെന്ന് വരുത്തിത്തീര്‍ത്ത് പണം ആവശ്യപ്പെട്ടത്. വീട്ടുകാരെ കൂടുതല്‍ പരിഭ്രാന്തരാക്കാന്‍ താന്‍ കൊല്ലപ്പെട്ടെന്ന സന്ദേശവും കുട്ടി അയക്കുകയുണ്ടായി.

എന്നാല്‍ പൊലീസ് അന്വേഷണം പുരോഗമിച്ചതോടെ തട്ടിക്കൊണ്ടുപോകലും മരണവുമെല്ലാം പണം തട്ടാനായി വിദ്യാർഥി തന്നെ മെനഞ്ഞെടുത്ത കഥയാണെന്ന് വ്യക്തമായി. കാമുകിയുടെ വീട്ടില്‍ സുരക്ഷിതനായി കഴിയുകയായിരുന്ന കുട്ടിയെ പൊലീസ് സംഘം കണ്ടെത്തുകയും മാതാപിതാക്കളെ വിവരമറിയിക്കുകയും ചെയ്തു.

ഓണ്‍ലൈന്‍ ഗെയിം ഭ്രാന്തമായതോടെയാണ് വിദ്യാര്‍ഥിക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജിതേന്ദ്ര കുമാര്‍ ശ്രീവാസ്തവ വ്യക്തമാക്കി. മുന്‍പ് ഗെയിമിലൂടെ 70,000 രൂപയോളം നഷ്ടപ്പെട്ടപ്പോള്‍ കുടുംബം അത് അടച്ചുതീര്‍ത്തിരുന്നു. എങ്കിലും കളി തുടര്‍ന്ന കുട്ടിക്ക് വീണ്ടും 50,000 രൂപയുടെ കടമുണ്ടായി. പിന്നീട് വീട്ടുകാര്‍ പണം നല്‍കാൻ വിസമ്മതിച്ചതോടെയാണ് കടം വീട്ടാനായി വ്യാജ തട്ടിക്കൊണ്ടുപോകൽ നാടകം കുട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.