രാമേശ്വരം ക്ഷേത്രം സന്ദർശിക്കാൻ പദ്ധതിയിടുന്ന ഭക്തർക്കായി പ്രധാനപ്പെട്ട വിവരങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ച് ഒരു യാത്രാ ബ്ലോഗർ (Travel Vlogger). രാമേശ്വരം ക്ഷേത്രദർശനം എളുപ്പമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ദിവ്യ ഇന്ദുൽക്കർ എന്ന വ്ലോഗറാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ വിശദീകരിക്കുന്നത്.
ദർശന സമയം, തീർത്ഥാടനം, പ്രധാന ജ്യോതിർലിംഗ ദർശനം എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വീഡിയോയിലുണ്ട്. ക്ഷേത്രദർശനം രാവിലെ തന്നെ ആരംഭിക്കാനാണ് ദിവ്യ നിർദ്ദേശിക്കുന്നത്. രാവിലെ 5 മണിക്കും 6 മണിക്കും ഇടയിൽ നടക്കുന്ന സ്പടിക ലിംഗ ദർശനത്തിനായി (മണി ദർശനം) 4 മണിയോടെയോ 4:30 യോടെയോ വരിയിൽ നിൽക്കണം. പൊതു വരിയിലൂടെയുള്ള പ്രവേശനം സൗജന്യമാണെങ്കിലും അകത്തെ ദർശനത്തിന് 50 രൂപയുടെ ടിക്കറ്റ് ആവശ്യമാണ്.
ഇതിനുശേഷം അഗ്നി തീർത്ഥത്തിൽ മുങ്ങി നിവരുകയും, തുടർന്ന് ക്ഷേത്രത്തിനകത്തെ 22 കുണ്ഡങ്ങളിൽ നിന്നുള്ള വിശുദ്ധ ജലം തളിക്കുകയും വേണം. 22 കുണ്ഡങ്ങളിലെ തീർത്ഥാടനത്തിന് 25 രൂപയുടെ ടിക്കറ്റുണ്ട്. നനഞ്ഞ വസ്ത്രങ്ങളോടെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവാദമില്ലാത്തതിനാൽ, മാറ്റി ഉടുക്കാനുള്ള വസ്ത്രങ്ങൾ കരുതണം. കുളിച്ച ശേഷം അവിടെയുള്ള ചേഞ്ചിങ് റൂമുകളിലോ അല്ലെങ്കിൽ ഹോട്ടൽ മുറികളിലോ പോയി വസ്ത്രം മാറിയതിന് ശേഷം മാത്രമേ പ്രധാന ജ്യോതിർലിംഗ ദർശനത്തിനായി ക്ഷേത്രത്തിൽ തിരികെ പ്രവേശിക്കാവൂ.
ഏകദേശം 15 ഏക്കറോളം പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന രാമേശ്വരം ക്ഷേത്രം രാമായണ കാലഘട്ടവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. രാവണനെ വധിച്ച ശേഷം ശ്രീരാമൻ സീതയ്ക്കും ലക്ഷ്മണനുമൊപ്പം ഇവിടെയെത്തി എന്നാണ് ഐതിഹ്യം. രാവണനെ വധിച്ചതിന്റെ പാപപരിഹാരത്തിനായി ശിവനോട് പ്രാർത്ഥിക്കാൻ രാമൻ ആഗ്രഹിച്ചു. അഗസ്ത്യ മുനിയുടെ ഉപദേശപ്രകാരം രാമൻ ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തി പൂജിക്കാൻ തീരുമാനിച്ചു.
ശിവലിംഗം കൊണ്ടുവരാനായി രാമൻ ഹനുമാനെ കൈലാസത്തിലേക്ക് അയച്ചു. എന്നാൽ ഹനുമാൻ സമയത്തിന് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സീതാദേവി മണൽ കൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കുകയും രാമൻ പൂജകൾ ആരംഭിക്കുകയും ചെയ്തു. പിന്നീട് എത്തിയ ഹനുമാൻ ഇതുകണ്ട് ദുഃഖിതനായി. സീതയുണ്ടാക്കിയ മണൽ ശിവലിംഗം നീക്കം ചെയ്യാൻ ഹനുമാൻ ശ്രമിച്ചെങ്കിലും അത് ഇളക്കാൻ സാധിച്ചില്ല. ഹനുമാനെ സന്തോഷിപ്പിക്കാനായി രാമൻ അദ്ദേഹം കൊണ്ടുവന്ന ശിവലിംഗവും അവിടെ പ്രതിഷ്ഠിക്കുകയും, ആദ്യം ഹനുമാൻ കൊണ്ടുവന്ന ശിവലിംഗത്തിന് പൂജകൾ ചെയ്യണമെന്ന് കല്പിക്കുകയും ചെയ്തു.




