ബ്രിട്ടീഷ് യാത്രികയായ കെയും അവരുടെ തുർക്കി പങ്കാളിയായ ഗോഗോയും വീർ ഭൂമി എക്സ്പ്രസ് ട്രെയിനിൽ നടത്തിയ ഇൻഡോറിലേക്കുള്ള രാത്രി യാത്ര സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഇന്ത്യൻ ട്രെയിൻ യാത്ര വളരെ മികച്ചതാണെന്നും സ്വകാര്യ കൗപ് ക്യാബിൻ അവിസ്മരണീയമായ അനുഭവമായിരുന്നു എന്നും ഇവർ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചു.
ട്രെയിനിലെ വിശാലമായ സ്വകാര്യ ക്യാബിനിൽ കിടക്കകൾ, വൃത്തിയുള്ള ബെഡ്ഷീറ്റുകൾ, ചാർജിംഗ് പോയിന്റുകൾ, റീഡിംഗ് ലൈറ്റുകൾ, ലഗേജ് റാക്കുകൾ, മിറർ, കർട്ടനുകൾ എന്നിവയെല്ലാം ഉണ്ടായിരുന്നു. തങ്ങൾ മുൻപ് താമസിച്ചിട്ടുള്ള ചില ഹോട്ടൽ മുറികളേക്കാൾ വലുതാണ് ഈ ക്യാബിൻ എന്ന് അവർ പറയുന്നു. കൂടാതെ ഷവർ, വാഷ് ബേസിൻ, വാട്ടർ ഹീറ്റർ എന്നിവ അടങ്ങിയ ബാത്റൂം കണ്ട് അവർ അത്ഭുതപ്പെട്ടു. യാത്രയ്ക്കിടയിൽ ട്രെയിനിലേക്ക് ഡൊമിനോസ് പിസ ഡെലിവറി എത്തിയതും മറ്റൊരു കൗതുകമായി. 220 രൂപയായിരുന്നു ഇതിന്റെ വില.
ഫസ്റ്റ് എസി കൂപ്പേ ടിക്കറ്റിന് ഏകദേശം 18 പൗണ്ട് (ഏകദേശം 2,300 രൂപ) മാത്രമാണ് ചെലവായതെന്നും യുകെയിലെ ദീർഘദൂര തീവണ്ടി യാത്രകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണെന്നും അവർ വ്യക്തമാക്കി. രാവിലെ ഏഴ് മണിക്ക് ഇൻഡോറിൽ എത്തുമെന്നാണ് കരുതിയതെങ്കിലും അരമണിക്കൂർ മുൻപ് തന്നെ ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തി. യാത്ര പൂർത്തിയായപ്പോൾ ട്രെയിനിൽ നിന്ന് ഇറങ്ങാൻ തോന്നിയില്ലെന്നാണ് ഇവർ പറഞ്ഞത്. മധ്യപ്രദേശിലെ ഇൻഡോറിനെയും ഗുജറാത്തിലെ അസർവയെയും ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിൻ സർവീസാണ് വീർ ഭൂമി എക്സ്പ്രസ്.




