Movie News

മാപ്പു പറഞ്ഞത് ഒരു തമാശ ! പ്‌ളേറ്റ് മറിച്ച് മന്‍സൂര്‍ അലി ഖാന്‍, തൃഷയ്ക്കെതിരേ അപകീര്‍ത്തി കേസ് നല്‍കും

തമിഴ്‌നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ദിവസങ്ങള്‍ക്ക് ശേഷം പ്‌ളേറ്റ് മറിച്ച് വില്ലന്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍. നടിക്കെതിരെ അപകീര്‍ത്തിക്ക് കേസെടുക്കുമെന്ന് താരം പറഞ്ഞു. ചൊവ്വാഴ്ച നടിക്കെതിരേ കേസ് ഫയല്‍ ചെയ്യുമെന്ന് സിഎന്‍എന്‍ ന്യൂസ് 18-നോട് സംസാരിക്കുമ്പോഴായിരുന്നു നടന്‍ പറഞ്ഞത്.

ഞങ്ങള്‍ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ രേഖകളെല്ലാം ശരിയാക്കിയ ശേഷം മാധ്യമങ്ങളെ കാണുമെന്ന് നടന്‍ പറഞ്ഞു. അതേസമയം മുമ്പ് നടത്തിയ മാപ്പപേക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് ഒരു തമാശയായിരുന്നു എന്നാണ് നടന്റെ പ്രതികരണം. നേരത്തേ വിഷയം കത്തിപ്പടര്‍ന്നപ്പോള്‍ മന്‍സൂര്‍ അലിഖാന്‍ പ്രസ്താവന ഇറക്കിയിരുന്നു. ” എന്റെ സഹനടി തൃഷ, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ വിവാഹസമയത്ത് ഉണ്ടായിരിക്കാന്‍ ദൈവം എന്നെ അനുഗ്രഹിക്കട്ടെ” എന്ന് ക്ഷമാപണം നടത്തി.

ഇതിന് തൃഷ തന്റെ എക്സ് ഹാന്‍ഡില്‍ ‘തെറ്റ് ചെയ്യുന്നത് മനുഷ്യനാണ്, ക്ഷമിക്കുന്നത് ദൈവമാണ്.’ എന്ന് എടുത്തെഴുതുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ ഹാജരാകാത്തതിന് ചെന്നൈ തൗസന്റ് ലൈറ്റ്സിലെ ഓള്‍ വുമണ്‍ പോലീസ് സ്റ്റേഷന്‍ (എഡബ്ല്യുപിഎസ്) മന്‍സൂറിന് സമന്‍സ് അയച്ചിരുന്നു. തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ചെന്നൈ സിറ്റി പോലീസ് താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ലോകേഷ് കനകരാജിന്റെ ലിയോ എന്ന സിനിമയില്‍ തൃഷയും മന്‍സൂറും പ്രധാന വേഷങ്ങളിലുണ്ടെങ്കിലും സിനിമയില്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിരുന്നില്ല. മന്‍സൂറിന്റെ അഭിപ്രായത്തിന് ശേഷം, തൃഷ എക്സിലേക്ക് എഴുതി, ‘മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇതിനെ ശക്തമായി അപലപിക്കുകയും ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കല്‍ എന്നിവ കണ്ടെത്തുകയും ചെയ്യുന്നതായും കുറിച്ചു.