നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ ആഡംബര വാഹനം ഇടിച്ച് രണ്ട് യുവതികളും ഒരു യുവാവും മരിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മുഖ്യപ്രതിയും ഇഹാ ഡിസൈന്‍സ് ഉടമകളുമായ നൂഹാ സജീവ്-സജീവ് ജമാല്‍ ദമ്പതികളുടെ മകനുമായ സുഹൈല്‍ സജീവ് അടക്കം നാല് പ്രതികളുടെ ജാമ്യഹര്‍ജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റിവെച്ചത്.
എഫ്ഐആറില്‍ രേഖപ്പെടുത്തിയ ദൃക്സാക്ഷിയില് ദുരൂഹതയുണ്ടെന്നും സ്കൂട്ടറില്‍ മൂന്നുപേര്‍ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നും പ്രതിഭാഗം വാദിച്ചു. മൂന്ന് പേര് ഒരുമിച്ച് പോയത് കൊണ്ടാണോ അവരെ ഇടിച്ചത് എന്നായിരുന്നു മജിസ്ട്രേറ്റിന്റെ മറുചോദ്യം. അവര്‍ മരിച്ചു പോയില്ലേ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം അവരെ ഇനി ശിക്ഷിക്കാന്‍ ആകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു. രക്ത-മൂത്ര പരിശോധനകളിൽ ഇവര്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടെന്നും, പ്രായം 19 ആണെങ്കിലും ചെയ്ത കുറ്റത്തിന്റെ ഭവിഷത്ത് അറിയാവുന്ന ആളാണ് മുഖ്യപ്രതിയെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വാഹനാപകടത്തിന്റെ ആഘാതം തെളിയിക്കാൻ കാറിന്റെ ഇ.ഡി.ആര് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ഇ.ഡി.ആര് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷനോട് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. അപകടത്തിന് ശേഷം ‘കേസ് ബാപ്പ നോക്കിക്കോളും’ എന്ന് പ്രതി പറഞ്ഞതായി മരിച്ച ഗോപികയുടെ കുടുംബത്തിന്റെ അഭിഭാഷകന് കോടതിയെ അറിയിച്ചു. മുൻപ് പ്രതിയുടെ പിതാവ് ഇത്തരം കേസുകൾ ഒതുക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.




