Sports

സൈമണ്ട്സ് അല്ല! മദ്യപിച്ച് 16-ാം നിലയിലെ ബാല്‍ക്കണിയില്‍ ചെഹലിനെ താഴേക്ക് തൂക്കിയ ആ ഓസീസ് താരം ആര്?

മുംബൈ: 2013-ലെ ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ഓസ്ട്രേലിയൻ താരം തന്നോട് മോശമായി പെരുമാറിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹൽ. ഐപിഎലിൽ 188 മത്സരങ്ങളിൽ നിന്ന് 233 വിക്കറ്റുകളോടെ മുൻപന്തിയിലുള്ള ചെഹൽ, കരിയറിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുമ്പോഴുണ്ടായ ഈ അനുഭവം തന്നെ വളരെയധികം തകിടം മറിച്ചതായി വ്യക്തമാക്കി. അന്ന് തന്നോട് അനാദരവോടെ പെരുമാറിയത് ഓസ്ട്രേലിയൻ താരങ്ങളായ ആൻഡ്രു സൈമണ്ട്സോ ജെയിംസ് ഫ്രാങ്ക്ളിനോ അല്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിൽ ചെഹൽ വ്യക്തമാക്കി.

ബെംഗളൂരുവിൽ റോയൽ ചാലഞ്ചേഴ്സ് സംഘടിപ്പിച്ച ഒരു പാർട്ടിയിൽ പങ്കെടുക്കവെയാണ് സംഭവം നടന്നതെന്ന് ചെഹൽ ഓർത്തെടുത്തു. അമിതമായി മദ്യപിച്ച ഒരു ഓസ്ട്രേലിയൻ താരം തന്നെ അടുത്തേക്ക് വിളിച്ച് എടുത്തുയർത്തുകയായിരുന്നു. തുടക്കത്തിൽ തമാശയാണെന്ന് കരുതിയെങ്കിലും, അയാൾ തന്നെ ഹോട്ടലിന്റെ 16-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് തൂക്കിപ്പിടിച്ചു. ഭയം കാരണം അപ്പോൾ ആ താരത്തിന്റെ കഴുത്തിൽ പിടിച്ച് നിൽക്കുകയായിരുന്നെന്നും അവിടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിയെത്തിയാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ചെഹൽ പറഞ്ഞു.

ഇത് കണ്ട് എല്ലാവരും ഞെട്ടിയെങ്കിലും രക്ഷപ്പെടുത്തിയ ശേഷം ആ താരം ചിരിക്കുകയായിരുന്നുവെന്നും, തനിക്കത് രണ്ടാമതൊരു ജന്മം ലഭിച്ചതിന് തുല്യമായിരുന്നുവെന്നും ചെഹൽ പറഞ്ഞു. അന്ന് പ്രായം കുറവായിരുന്നതിനാലും പരാതി നൽകുന്നതിനെക്കുറിച്ച് അറിവില്ലാതിരുന്നതിനാലും ഈ വിഷയത്തിൽ തുടർനടപടികൾക്കൊന്നും മുതിർന്നില്ല. മുൻപ് ആർസിബിയിലും രാജസ്ഥാൻ റോയൽസിലും കളിച്ചിട്ടുള്ള ചെഹൽ നിലവിൽ പഞ്ചാബ് കിങ്സിന്റെ താരമാണ്.