Featured Sports

ഇവിടെ കളിച്ചാൽ ഞങ്ങള്‍ക്ക് ഒന്നും കിട്ടില്ല, കോടികൾ ഇന്ത്യയ്ക്ക്; രൂക്ഷവിമർശനവുമായി വിൻഡീസ് ബോർഡ്

രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിലെ വരുമാന വിതരണ രീതിക്കെതിരെ രൂക്ഷവിമർശനവുമായി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് സിഇഒ ക്രിസ് ഡെറിങ്. ഇന്ത്യയിൽ കളിക്കുന്ന പരമ്പരകളിൽ നിന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന് സാമ്പത്തികമായി യാതൊരുവിധ നേട്ടവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏകദിന, ട്വന്റി20 പരമ്പരകളിൽ നിന്ന് 193 മുതൽ 285 കോടി രൂപ വരെ ആകെ വരുമാനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ഈ തുക മുഴുവൻ ബിസിസിഐക്കാണു ലഭിക്കുന്നത്. ഇനി ഒരു മത്സരം കൂടി ബാക്കിനിൽക്കെയാണ് ഈ വിഷയം ചർച്ചയാകുന്നത്.

1997-ൽ നടപ്പിലാക്കിയ സാമ്പത്തിക മാതൃകയാണ് വിൻഡീസ് ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായതെന്ന് ഒരു രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മത്സരങ്ങൾ ഇന്ത്യയിൽ നടക്കുന്നതിനാൽ നിലവിലെ പരമ്പരയിൽ നിന്ന് തങ്ങൾക്ക് ഒന്നും ലഭിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പരമ്പരയിലൂടെ ബിസിസിഐ 20 മുതൽ 30 മില്യൻ ഡോളർ വരെ ഉണ്ടാക്കുമ്പോൾ വിൻഡീസിന് വരുമാനമൊന്നുമില്ല. അന്ന് ഐസിസിയിൽ ഈ പുതിയ രീതി വോട്ടിനിട്ട് അംഗീകരിച്ചപ്പോൾ താൻ അവിടെയുണ്ടായിരുന്നു. മുൻപ് മറ്റ് രാജ്യങ്ങളിൽ പോയി കളിക്കുമ്പോൾ വിൻഡീസിന് പ്രത്യേക ഫീസ് ലഭിച്ചിരുന്നു. ഇത് കരീബിയനിൽ പരമ്പര സംഘടിപ്പിക്കുന്നതിനേക്കാൾ ലാഭകരമായിരുന്നു. എന്നാൽ കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യക്ക് എല്ലാ വരുമാനവും ലഭിക്കുമ്പോൾ, ആന്റിഗ്വയോ സെന്റ് കിറ്റ്സോ പോലുള്ള ചെറിയ ദ്വീപുകളിൽ കളി നടത്തുമ്പോൾ വിൻഡീസ് ബോർഡിന് കിട്ടുന്ന വരുമാനം വളരെ കുറവാണ്.

ഐസിസിയുടെ ആകെ വരുമാനത്തിൽ നിന്ന് വെറും അഞ്ച് ശതമാനം മാത്രമാണ് വിൻഡീസിന് ലഭിക്കുന്നത്. എന്നാൽ വിപണിമൂല്യം മുൻനിർത്തി 38 ശതമാനത്തിലധികം വിഹിതവും ഇന്ത്യയ്ക്കാണ് ലഭിക്കുന്നത്. മതിയായ പ്രതിഫലം ലഭിക്കാത്തതിനെത്തുടർന്നുള്ള തർക്കങ്ങൾ കാരണം വിൻഡീസ് താരങ്ങൾ ദേശീയ ടീമിന് പകരം ലോകമെമ്പാടുമുള്ള ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാനാണ് കൂടുതൽ താല്പര്യം കാണിക്കുന്നത്.