Featured Travel

കറങ്ങിനടന്ന് റീല്‍സ് പിടിച്ചാൽ 95 ലക്ഷം രൂപ! ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു കിടിലൻ അവസരം !

റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗ്രൂപ്പ് തങ്ങളുടെ ആഗോള ബ്രാൻഡുകൾക്ക് കീഴിലുള്ള യാത്രകളും അനുഭവങ്ങളും രേഖപ്പെടുത്തുന്നതിനായി 100,000 ഡോളർ (ഏകദേശം 95 ലക്ഷം രൂപ) വരെ പ്രതിഫലം നൽകുന്നു. ആറ് മാസത്തെ കണ്ടേറ്റർ പാർട്ണർഷിപ്പിനായുള്ള ‘ഹെഡ് ഓഫ് യെസ്’ (Head of Yes) എന്ന പദവിയിലേക്കാണ് കമ്പനി ആളുകളെ തേടുന്നത്. 2027 ജനുവരിയിലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. ഇൻഫ്ലുവൻസർമാർക്ക് മാത്രമുള്ള അവസരമാണിതെന്ന് തോന്നാമെങ്കിലും, ഇതിലേക്ക് പങ്കെടുക്കാൻ ഫോളോവേഴ്സിന്റെ എണ്ണം ഒരു തടസ്സമല്ല. ജീവിതത്തിൽ ഒരു പുതിയ സാഹസികതയ്ക്ക് തയ്യാറായതിനെക്കുറിച്ചുള്ള രസകരമായ ഒരു അനുഭവം പങ്കുവെക്കുക മാത്രമാണ് അപേക്ഷകർ ചെയ്യേണ്ടത്.

അമേരിക്കയിലും യുകെയിലും ഉള്ളവർക്ക് മാത്രമാണ് ഈ അവസരമെന്ന് ഇൻസ്റ്റാഗ്രാമിലൂടെ റിച്ചാർഡ് ബ്രാൻസൺ വ്യക്തമാക്കി. അമേരിക്കയിൽ നിന്നുള്ളവർക്ക് 100,000 ഡോളറും യുകെയിലുള്ളവർക്ക് 75,000 പൗണ്ടുമാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇത് ഒരു മത്സരമോ സ്ഥിര ജോലി വാഗ്ദാനമോ അല്ല, മറിച്ച് കണ്ടന്റ് ക്രിയേറ്റർമാർക്കായുള്ള ഒരു പെയ്ഡ് ഗിഗ് ആണെന്നും തിരഞ്ഞെടുക്കപ്പെടുന്നയാൾ വിർജിൻ റെഡുമായി കരാറിലെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സാഹസിക യാത്രകളുടെ ചെറിയ വീഡിയോകളും ചിത്രങ്ങളും കഥകളും തയ്യാറാക്കുകയാണ് തിരഞ്ഞെടുക്കപ്പെടുന്ന ആളുടെ പ്രധാന ജോലി. പ്രൊഫഷണൽ ക്രിയേറ്റർ ആകണമെന്നോ ലക്ഷക്കണക്കിന് ഫോളോവേഴ്സ് വേണമെന്നോ ഇതിന് നിർബന്ധമില്ല.

ഈ അവസരത്തിനായി അപേക്ഷിക്കാൻ, ജീവിതത്തിൽ നിങ്ങൾ ഒരു പുതിയ തീരുമാനമെടുത്തതിനെക്കുറിച്ചോ സാഹസികതയ്ക്ക് തയ്യാറായതിനെക്കുറിച്ചോ ഉള്ള ഒരു ചെറിയ വീഡിയോ തയ്യാറാക്കുക. തുടർന്ന് #HeadOfYes ഹാഷ്ടാഗ് ഉപയോഗിച്ച് @Virgin ടാഗ് ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാം, യൂട്യൂബ് അല്ലെങ്കിൽ ടിക് ടോക് എന്നിവയിൽ പങ്കുവെക്കുക. സെപ്റ്റംബർ 9-ന് ആരംഭിച്ച അപേക്ഷാ സമർപ്പണം 2026 ഒക്ടോബർ 20-ന് യു.എസ് സമയം രാത്രി 11:59-ന് അവസാനിക്കും.