വിവാഹശേഷം കുട്ടികൾ വേണ്ടെന്നുവെച്ച തീരുമാനത്തെക്കുറിച്ചും അത് എന്തുകൊണ്ടാണെന്നും തുറന്നുപറഞ്ഞ് നടി വരലക്ഷ്മി ശരത്കുമാർ. നിരവധി ദക്ഷിണേന്ത്യന് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത നടി, വിവാഹം കഴിച്ച എല്ലാ ദമ്പതികൾക്കും കുട്ടികൾ വേണമെന്ന പരമ്പരാഗതമായ ധാരണയെ ചോദ്യംചെയ്തു.
കുട്ടികൾ വേണ്ടെന്നത് തന്റെ വ്യക്തവും ഉറച്ചതുമായ തീരുമാനമാണെന്നും അതിന് കാരണം തനിക്ക് കുട്ടികളുണ്ടാകാൻ സാധിക്കാത്തതുകൊണ്ടല്ലെന്നും ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ വരലക്ഷ്മി വ്യക്തമാക്കി. 2024-ൽ വ്യവസായിയും ആർട്ട് ഗാലറി ഉടമയുമായ നിക്കോളായ് സച്ച്ദേവിനെ വിവാഹം കഴിച്ച വരലക്ഷ്മി, ഭർത്താവിനും ഇതേ കാഴ്ചപ്പാടാണുള്ളതെന്ന് വെളിപ്പെടുത്തി.
കുട്ടികളെ വളർത്തുക എന്നത് വലിയൊരു ഉത്തരവാദിത്തമാണെന്നും സമൂഹം പ്രതീക്ഷിക്കുന്നു എന്നതുകൊണ്ടു മാത്രം കുട്ടികൾ ഉണ്ടാകരുതെന്നും അവർ പറഞ്ഞു. ഒരു കുട്ടിയെ വളർത്താനുള്ള പൂർണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തങ്ങൾ പ്രാപ്തരാണോ എന്ന് കുട്ടിയുണ്ടാകുന്നതിന് മുൻപ് സ്വയം ചോദിക്കണമെന്നും, അതിന് തയ്യാറല്ലെങ്കിൽ കുട്ടികൾ വേണ്ടെന്ന് വെക്കുന്നതാണ് കൂടുതൽ നല്ലതെന്നും അതും ഉത്തരവാദിത്തമുള്ള ഒരു മാതൃകാപരമായ തീരുമാനമാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അവർ വിശദീകരിച്ചു.
നിക്കോളായുമായുള്ള തന്റെ കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കവേ, അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ മകളെ സ്വന്തം കുട്ടിയെപ്പോലെയാണ് താൻ കാണുന്നതെന്നും സ്നേഹിക്കുന്നതെന്നും വരലക്ഷ്മി പറഞ്ഞു. തങ്ങൾക്ക് ഒരു മകളുണ്ടെന്നും എപ്പോഴും താൻ അവളെ അങ്ങനെതന്നെയായിരിക്കും കാണുന്നതെന്നും അവർ വ്യക്തമാക്കി. കൂടാതെ തങ്ങളുടെ വളർത്തുനായ്ക്കളെയും കുടുംബത്തിന്റെ ഭാഗമായാണ് നടി കാണുന്നത്; തങ്ങൾക്ക് രണ്ട് നായ്ക്കുട്ടികളുണ്ടെന്നും അവരെ സ്വന്തം മക്കളെപ്പോലെയാണ് വളർത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വർഷങ്ങളായി സുഹൃത്തുക്കളായിരുന്ന വരലക്ഷ്മി ശരത്കുമാറും നിക്കോളായ് സച്ച്ദേവും 2024 മാർച്ച് മാസത്തിലാണ് നിശ്ചയം കഴിച്ചത്. തുടർന്ന് 2024 ജൂലൈയിൽ തായ്ലൻഡിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിൽ വിവാഹിതരായ ഇവർ ചെന്നൈയിൽ വെച്ച് വിവാഹസൽക്കാരവും നടത്തിയിരുന്നു.




