Featured Spotlight

അടിയോടടി, തിരിച്ചടി! കോൺഗ്രസ് മാർച്ചിൽ വനിതാ നേതാക്കൾ പരസ്പരം കരണത്തടിച്ചു- വീഡിയോ

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടയില്‍ വനിതാ നേതാക്കളുടെ കയ്യാങ്കളി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുദ്രാവാക്യം വിളിച്ചു തുടങ്ങിയ മാർച്ച് ഒടുവിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള കൈയ്യാങ്കളിയിലാണ് അവസാനിച്ചത്.

ഓൾഡ് ഫരീദാബാദിലെ ചാന്ദി വാലി ധർമ്മശാലയിൽ നിന്ന് പത്ഥ്വാരി ക്ഷേത്രത്തിലേക്ക് സംഘടിപ്പിച്ച മാർച്ചിനിടെ രണ്ട് കോൺഗ്രസ് വനിതാ നേതാക്കൾ തമ്മിൽ തല്ലി. സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പേൾ ചൗധരി, ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ബൽജിത് കൗശിക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.

ബല്ലഭ്ഗഢ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പരാഗ് ശർമ്മയും പാർട്ടി നേതാവ് ഗജ്ന ലംബയും കോൺഗ്രസിന്റെ ബാനർ പിടിച്ച് ഒന്നിച്ച് നടക്കുകയായിരുന്നു. മാർച്ചിനിടയിൽ ലംബ, പരാഗ് ശർമ്മയെ മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇതോടെ രാഷ്ട്രീയ മാർച്ച് പെട്ടെന്ന് കൂട്ടത്തല്ലായി മാറുന്ന അവസ്ഥയിലായി. ശർമ്മ ലംബയുടെ കരണത്തടിച്ചെന്നും, ലംബ തിരിച്ച് അടിക്കുകയും തുടർന്ന് ഇരുവർക്കുമിടയിൽ കൈയ്യാങ്കളി ഉണ്ടാവുകയും ചെയ്തു. ഒടുവിൽ ജില്ലാ അധ്യക്ഷൻ ബൽജിത് കൗശിക് ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.

എന്നാൽ, ഈ സംഭവത്തെ ലഘൂകരിച്ചു കാണിക്കാനാണ് ബൽജിത് കൗശിക് ശ്രമിച്ചത്. ആളുകൾ തിങ്ങിനിറഞ്ഞ മാർച്ചിൽ അബദ്ധത്തിൽ തട്ടിപ്പറ്റിയതാകാമെന്ന് അദ്ദേഹം പറഞ്ഞു. തിരക്കുള്ള ഒരു മാർച്ചിൽ ഒരാളുടെ കൈ അബദ്ധത്തിൽ മറ്റൊരാളുടെ ദേഹത്ത് തട്ടാം എന്നും ഈ പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉത്തർപ്രദേശിലെ മഥുരയിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഫരീദാബാദിലും ഇത്തരം ഒരു സംഭവം ഉണ്ടാകുന്നത്. മഥുരയിൽ കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പാർട്ടി പ്രവർത്തകർ തമ്മിൽ തല്ലുകയും, അതിൽ ഒരു വനിതാ പ്രവർത്തക ആക്രമിക്കപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.