Sports

മാരത്തോൺ ഓട്ടത്തിനിടെ സൈക്കിളിൽ കയറി; ഇൻഫ്ലുവൻസറുടെ വൻ തട്ടിപ്പ് കൈയോടെ പൊക്കി, സ്പോൺസർഷിപ്പ് കരാർ റദ്ദാക്കി

ബർലിൻ മാരത്തണിനിടെ സൈക്കിളിൽ സഞ്ചരിച്ച് വ്യാജ ജയം നേടിയ ചൈനീസ് ഫിറ്റ്നസ് ഇൻഫ്ലുവൻസർ പരസ്യമായി മാപ്പ് പറഞ്ഞു. സെപ്റ്റംബർ 27-ന് നടന്ന മാരത്തണിൽ ‘അബീർ’ (Abeeeer) എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസർ 4 മണിക്കൂർ 53 മിനിറ്റ് 46 സെക്കൻഡ് കൊണ്ട് ഓട്ടം പൂർത്തിയാക്കിയെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇവർ സൈക്കിളിൽ പോകുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

മറ്റൊരു മത്സരാർത്ഥി പകർത്തിയ ചിത്രം മാരത്തൺ പ്രകടനങ്ങൾ പരിശോധിക്കുന്ന ഓൺലൈൻ കൂട്ടായ്മയ്ക്ക് കൈമാറുകയായിരുന്നു. 35 മുതൽ 40 കിലോമീറ്റർ വരെയുള്ള ദൂരം ഇവർ വളരെ വേഗത്തിൽ പൂർത്തിയാക്കിയെന്ന് കാണിച്ച റേസ് ഡാറ്റയും സംശയം വർദ്ധിപ്പിച്ചു. റെഡ്നോട്ട് (RedNote) എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അരദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അബീർ, തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനാലാണ് സൈക്കിളിൽ സഞ്ചരിച്ചതെന്ന് പിന്നീട് സമ്മതിച്ചു. തന്റെ പ്രവൃത്തി കായിക മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അവർ അംഗീകരിച്ചു.

സംഭവത്തെ തുടർന്ന് പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ ബ്രൂക്സ് ചൈന ഇവർക്കായും നൽകിയിരുന്ന സ്പോൺസർഷിപ്പ് റദ്ദാക്കി. സോഷ്യൽ മീഡിയയിൽ ലൈക്കുകളും സ്പോൺസർഷിപ്പുകളും നേടാനായി ഇൻഫ്ലുവൻസർമാർ നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.