ഡെറാഡൂണിൽ വീടുകളിൽ നിന്ന് ഐഫോൺ അടക്കമുള്ള വസ്തുക്കൾ മോഷണം പോയ സംഭവത്തിൽ, ഫോൺ അൺലോക്ക് ചെയ്യാൻ പാസ്കോഡ് ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തിന് കള്ളന്റെ സന്ദേശം. സെപ്റ്റംബർ 12-ന് ക്ലെമന്റ് ടൗണിലെ വീടുകളിൽ നിന്ന് സഹോദരന്റേത് ഉൾപ്പെടെ നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും ലക്ഷക്കണക്കിന് രൂപയുടെ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി കൗശികി ധ്യാനി എന്ന യുവതി ഇൻസ്റ്റാഗ്രാം റീലിലൂടെ വ്യക്തമാക്കി.
എന്നാൽ, മോഷ്ടിച്ച ഐഫോൺ കൈവശമുള്ളയാൾ ഫോണിന്റെ പാസ്കോഡ് ചോദിച്ച് യുവതിക്ക് എസ്.എം.എസിലും വാട്ട്സ്ആപ്പിലും സന്ദേശങ്ങൾ അയച്ചതോടെയാണ് കേസിന് വിചിത്രമായ തിരിവ് ഉണ്ടായത്. ഐഫോണിൽ തെളിഞ്ഞുനിന്ന കോൺടാക്റ്റ് നമ്പർ ഉപയോഗിച്ചാണ് ഇയാൾ ബന്ധപ്പെട്ടത്. രാത്രി 10 മണിയോടെ സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസിനെ സമീപിച്ചെങ്കിലും പിറ്റേന്ന് രാവിലെ വരാൻ പറയുകയായിരുന്നെന്ന് യുവതി ആരോപിക്കുന്നു.
സംശയിക്കുന്നയാളുടെ ചിത്രം, സി.സി.ടി.വി ദൃശ്യങ്ങൾ, സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ പോലീസിന് കൈമാറിയിട്ടും നടപടിയെടുക്കാൻ വൈകുന്നതിനെ യുവതി ചോദ്യം ചെയ്തു. സമീപത്തെ കോളേജുകൾക്ക് അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതേ വ്യക്തിയെ തന്നെ കണ്ടതായും, പ്രദേശത്തെ ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് നടന്ന മറ്റ് മോഷണങ്ങൾക്ക് പിന്നിലും ഇയാൾ തന്നെയാണോ എന്ന് പോലീസ് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.




