മുംബൈയിലെ രാവിലത്തെ തിരക്ക് ആളുകളെ ജോലിസ്ഥലങ്ങളിൽ എത്തിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല, അവരുടെ ഉച്ചഭക്ഷണം കൃത്യസമയത്ത് എത്തിക്കുന്നതിലും കൂടിയാണ്. ദിവസവും ആയിരക്കണക്കിന് വീടുകളിൽ നിന്ന് തയ്യാറാക്കുന്ന ഉച്ചഭക്ഷണം സൈക്കിളുകളിലും ലോക്കൽ ട്രെയിനുകളിലുമായി സഞ്ചരിച്ച് ഉച്ചയൂണിന് മുൻപായി ഓഫീസുകളിലെ ഡെസ്‌കുകളിൽ എത്തുന്നു.
മുംബൈയിലെ ‘ഡബ്ബാവാല’കളാണ് ഈ വലിയ ദൗത്യത്തിന് പിന്നിൽ. ഡബ്ബാവാലകളുടെ പ്രവർത്തനം മുംബൈ നിവാസികൾക്ക് പരിചചിതമായ ഒന്നാണെങ്കിലും, ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അടുത്തറിയാൻ കണ്ടെന്റ് ക്രിയേറ്ററായ യുവാംക്ഷി വേണുഗോപാലിന് അടുത്തിടെ അവസരം ലഭിച്ചു.
ഡബ്ബാവാലകൾക്കൊപ്പം ഒരു ദിവസം ചെലവഴിച്ച അനുഭവം യുവാംക്ഷി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചു. ഡെലിവറി ആപ്പുകളോ ജി.പി.എസ് സാങ്കേതികവിദ്യയോ ഇല്ലാതെയാണ് ഡബ്ബാവാലകൾ ഇത്രയും കൃത്യമായി ജോലി ചെയ്യുന്നതെന്ന് അവർ നേരിട്ട് കണ്ടറിഞ്ഞു. ഉച്ചഭക്ഷണ പാത്രങ്ങളിലെ പ്രത്യേക കോഡുകൾ, സൈക്കിളുകൾ, ലോക്കൽ ട്രെയിനുകൾ, മുംബൈ നഗരത്തെക്കുറിച്ചുള്ള വ്യക്തമായ അറിവ് എന്നിവ മാത്രമാണ് ഇവർ ഉപയോഗിക്കുന്നത്.
ഓരോ രാവിലേയും വീടുകളിൽ നിന്ന് ശേഖരിക്കുന്ന ടിഫിൻ ബോക്‌സുകൾ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലെത്തിച്ച് ലക്ഷ്യസ്ഥാനങ്ങൾക്കനുസരിച്ച് തരംതിരിക്കുന്നു. ബോക്‌സുകളിലെ പ്രത്യേക അക്ഷരങ്ങളും അക്കങ്ങളുമാണ് ഏത് സ്ഥലത്തേക്കാണ് ഭക്ഷണം എത്തിക്കേണ്ടതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നത്. ഉദാഹരണത്തിന് “G”, “K” എന്നീ അക്ഷരങ്ങൾ ഗോരേഗാവ്, കാണ്ടിവ്‌ലി എന്നീ സ്ഥലങ്ങളെ സൂചിപ്പിക്കുന്നു. തുടർന്ന് ലോക്കൽ ട്രെയിനുകളിലൂടെയും തിരക്കേറിയ റോഡുകളിലൂടെയും യാത്ര ചെയ്ത് ഡബ്ബാവാലകൾ ഭക്ഷണം കൃത്യമായി ഓഫീസുകളിലെത്തിക്കുന്നു. ഡെലിവറിയ്ക്ക് ശേഷം ഡബ്ബാവാലകൾക്കൊപ്പം വഴിയോരത്തിരുന്ന് ഭക്ഷണം കഴിച്ചാണ് യുവാംക്ഷി ആ ദിവസം അവസാനിപ്പിച്ചത്.
ഭക്ഷണം എത്തിച്ചു നൽകുന്നത് മാത്രമല്ല ഇവരുടെ ജോലി. ഉച്ചഭക്ഷണത്തിന് ശേഷം ഓഫീസുകളിൽ നിന്ന് ഉപയോഗിച്ച കാലി ടിഫിൻ ബോക്‌സുകൾ തിരികെ ശേഖരിച്ച്, തരംതിരിച്ച് വൈകുന്നേരത്തോടെ സ്വന്തം വീടുകളിൽ തന്നെ തിരികെ എത്തിക്കുകയും ചെയ്യുന്നു. 1800-കളുടെ അവസാനത്തിൽ, അതായത് 1890-ലാണ് മുംബൈ ഡബ്ബാവാല സംഘടനയുടെ തുടക്കം. ഒരു പാർസി ബാങ്കർ തന്റെ ഓഫീസിലേക്ക് വീട്ടിലെ ഭക്ഷണം എത്തിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ഈ സംവിധാനം ആരംഭിച്ചത്.
ഇന്ന് ഏകദേശം 5,000-ത്തോളം ഡബ്ബാവാലകൾ ചേർന്ന് രണ്ടു ലക്ഷത്തോളം ആളുകൾക്കാണ് ദിവസവും ഭക്ഷണം എത്തിച്ചു നൽകുന്നത്. വെള്ള കുർത്തയും ഗാന്ധി തൊപ്പിയും ധരിച്ച ഇവർ മുംബൈ നഗരത്തിന്റെ തന്നെ പ്രതീകമാണ്. 2003-ൽ ചാൾസ് രാജകുമാരൻ പോലും ഇവരുടെ പ്രവർത്തനരീതി നേരിട്ട് കണ്ടറിയാൻ എത്തിയിരുന്നു. കഴിഞ്ഞ 130-ലധികം വർഷങ്ങളായി മുംബൈ നഗരത്തിന്റെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഭാഗമാണ് ഈ ഡബ്ബാവാലകൾ.




